
തൃശൂർ : കാർഷിക മേഖലയിൽ മികച്ച വിജയക്കുതിപ്പ് തീർക്കുകയാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്. കർഷകർക്കായി ബ്ലോക്ക് ഓഫീസിനോട് ചേർന്ന് ഒരുങ്ങുന്ന നഴ്‌സറിയാണ് ലിസ്റ്റിൽ ഒടുവിലത്തേത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളായ അരിമ്പൂർ, അന്തിക്കാട്, മണലൂർ, ചാഴൂർ, താന്ന്യം ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് ആവശ്യമായ തൈകളും വിത്തുകളും ഇവിടെ നിന്ന് ലഭ്യമാക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങൾക്ക് നഴ്‌സറി തുടങ്ങുന്നതിനുള്ള പരിശീലനം മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
എല്ലാം നൽകും ബയോനിധി
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് തരിശു ഭൂമിയിൽ കൃഷിയിറക്കി നൂറുമേനി വിജയം നേടിയിരുന്നു. നെൽകൃഷിയിൽ സംസ്ഥാനത്തെ ആദ്യത്തെ തരിശു രഹിത ബ്ലോക്ക് പഞ്ചായത്തെന്ന നേട്ടം കൈവരിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്. നെൽകൃഷിയെ പരിപോഷിപ്പിക്കാൻ തരിശു ഭൂമിയിൽ കൃഷിയിറക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് പ്രാധാന്യം നൽകി നടപ്പാക്കി. മോട്ടോർ, പെട്ടിപ്പാറ, പമ്പ് സെറ്റ്, മോട്ടോർ ഷെഡ്, കൽവർട്ടുകൾ കൂടാതെ കർഷകർക്ക് നെൽവിത്ത് സബ്‌സിഡി കൂലിച്ചെലവ്, റിവോൾവിങ് ഫണ്ട് എന്നിവ നൽകി വരുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവകൃഷി നെല്ല്, പച്ചക്കറി, മീൻവളർത്തൽ, ക്ഷീര വികസനം, മൂല്യവർധിത പദ്ധതി, ജൈവവള നിർമ്മാണ, കാർഷിക പാഠശാല തുടങ്ങിയവ സംയോജിപ്പിച്ച് ബയോനിധി എന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകിയിട്ടുണ്ട്.
ജൈവ പച്ചക്കറി കൃഷിയും നെൽകൃഷിയും
സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി 50 ഏക്കറിൽ ജൈവ പച്ചക്കറിയും 45 ഏക്കറിൽ ജൈവ നെൽകൃഷിയും ആരംഭിച്ചു. 2020-21 സാമ്പത്തികവർഷം ആദ്യത്തിൽ ഇതിൽ 2764.260 ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിപ്പിച്ചു. നാലു വർഷം കൊണ്ട് ഏകദേശം 764.260 ഹെക്ടർ കൂടുതലായി കൃഷി ഇറക്കാനും ചില പാടശേഖരങ്ങളിൽ ഇരിപ്പുകൃഷി ഇറക്കാനും സാധിച്ചു. വിവിധ പാടശേഖരങ്ങളിൽ 50,03,456 രൂപ ചെലവിട്ട് മോട്ടോർ, പെട്ടിപ്പറ എന്നിവ വാങ്ങി നൽകി
അടിസ്ഥാന സൗകര്യത്തിന് 25 ലക്ഷം
മോട്ടോർ ഷെഡുകളും മറ്റ് അടിസ്ഥാന സൗകര്യവും ഒരുക്കാൻ 25,27,257 രൂപ ചെലവിട്ടു. അത്തിച്ചാൽ, മനക്കൊടി, വെളുത്തൂർ ഉൾപ്പാടം, വെങ്ങിപ്പാടം, പെട്ടിക്കുഴി, മഞ്ചേരിപ്പാടം എന്നിവിടങ്ങളിലാണ് മോട്ടോർ ഷെഡുകൾ നിർമ്മിച്ചത്.
17,21,787 രൂപ ചെലവിട്ട് കൊട്ടാരപ്പറമ്പ്, ചെമ്മാപ്പിള്ളി, പുലത്ത്ക്കടവ് എന്നിവിടങ്ങളിൽ പുളിക്കെട്ടുകൾ നിർമ്മിച്ചു. നെൽ കൃഷിക്ക് ജലസേചനത്തിനായി 21,14,646 രൂപ ചെലവിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി. നെൽവിത്തിന് സബ്‌സിഡി 10 ലക്ഷം രൂപയും കൂലിച്ചെലവ് ഇനത്തിൽ 4.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.