ppp
കേരളകൗമുദി വാർത്ത

കാഞ്ഞാണി: നിർമ്മാണത്തിന് ടെൻഡർ വച്ചതിനേക്കാൾ 5 ശതമാനം കുറവിൽ പണി ഏറ്റെടുക്കാൻ തയ്യാറായി കമ്പനി എത്തിയതോടെ പെരുമ്പുഴ വലിയ പാലം ബലപ്പെടുത്തൽ പ്രതിസന്ധിക്ക് വിരാമം. തൃശൂരിലെ സി 2 കമ്പനി എക്‌സിക്യുട്ടിവ് എൻജിനിയർ ഷിജി കരുണാകരന് കത്ത് നൽകി.

കേരളകൗമുദി വാർത്തയെ തുടർന്ന് മണലൂർ എം.എൽ.എ മുരളി പെരുനെല്ലി കരാർ കമ്പനിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അഞ്ച് ശതമാനം കുറച്ച് ടെൻഡർ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. മണലൂർ അരിമ്പൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞാണി പെരുമ്പുഴ വലിയ പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് പാലം ബലപ്പെടുത്താൻ 60.60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റെടുത്ത് ഇ - ടെൻഡർ വിളിച്ചെങ്കിലും ആദ്യം ആരും പങ്കെടുത്തിരുന്നില്ല.

പിന്നീട് ഈ മാസം 5ന് റീ ടെൻഡറിൽ രണ്ട് കരാർ കമ്പനികൾ പങ്കെടുത്തെങ്കിലും നിലവിലുള്ള എസ്റ്റിമേറ്റ് സംഖ്യയേക്കാൾ കൂടുതലാണ് രണ്ട് ടെൻഡറുകളും വെച്ചത്. അതിൽ നിന്ന് 15 ശതമാനം കൂടുതലായാണ് സി 2 കമ്പനി ടെൻഡർ വെച്ചത്.

15 ശതമാനം കുടുതലായതിനാൽ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുക്കേണ്ടതിനാൽ പണി പ്രതിസന്ധിയിലായി. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത ശ്രദ്ധയിൽപെട്ട മണലൂർ എം.എൽ.എയുടെ അടിയന്തര ഇടപെടലാണ് പ്രതിസന്ധിക്ക് വിരാമമിട്ടത്. ബ്രിഡ്ജ്‌ സൂപ്രണ്ട് എൻജിനിയർ നടപടിക്രമം പൂർത്തീകരിച്ച് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കരാർ കമ്പനിക്ക് സെലക്ഷൻ നോട്ടീസ് നൽകി എഗ്രിമെന്റ് വച്ചാൽ അടിയന്തരമായി പാലം ബലപ്പെടുത്തൽ ആരംഭിക്കുമെന്നാണ് ബ്രിഡ്ജ് ഡിവിഷൻ എക്‌സിക്യുട്ടിവ് എൻജിനിയർ ഷിജി കരുണാകരൻ കേരളകൗമുദിയോട് പറഞ്ഞു.


"എൻജിനിയേഴ്‌സ് നൽകിയ എസ്റ്റിമേറ്റിനേക്കാൾ കൂടുതലാണ് ടെൻഡർ വെച്ചത്. അതുകൊണ്ടുണ്ടായ പ്രതിസന്ധിയാണ്. അതിനാൽ എം.എൽ.എ എന്ന നിലയിൽ അടിയന്തരമായി ഇടപെട്ട് ടെൻഡർ വെച്ചിട്ടുള്ള കരാർ കമ്പനിയുമായി ചർച്ച നടത്തി പരിഹരിച്ചിട്ടുണ്ട്.

മുരളി പെരുന്നെല്ലി

എം.എൽ.എ