 
കയ്പമംഗലം: തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം. ജല അതോറിറ്റി കിഫ്ബി നാട്ടിക ഫർക്ക ശുദ്ധ ജല വിതരണ പദ്ധതി വിപുലീകരണം നടപ്പാകുന്നതോടെ തീരദേശ മേഖലയിലെ നിരവധി പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകും. കിഫ്ബി സാമ്പത്തിക സഹായത്തോടെ 89.61 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ വിപുലീകരണത്തിന്റെ ഒന്നാം ഘട്ടം നിർമ്മാണോദ്ഘാടനം ഇന്ന് എടത്തിരുത്തിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.
ശുദ്ധജല ദൗർലഭ്യം അനുഭവപെടുന്ന എസ്.എൻ പുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകൾക്കാണ് പദ്ധതി ഗുണകരമാകുക. ഈ മേഖലയിലെ കിണറുകളിൽ മിക്കവാറും ഓരുവെള്ളവും, ഉപ്പും, ഇരുമ്പും കലർന്ന വെള്ളമാണ് ലഭിക്കുന്നത്. നിലവിൽ 1990 ൽ സ്ഥാപിച്ച പ്രതിദിനം 20 ദശ ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള പദ്ധതിയാണ് ഉള്ളത്. എന്നാൽ കാലഹരണപെട്ട ഈ പദ്ധതിയുടെ ഉൽപാദന ശേഷി 18 ദശ ലക്ഷം ലിറ്ററിൽ താഴെയാണ്. ആകെ 23,972 കണക്ഷനുകളും 3459 പൊതു ടാപ്പുകളും മാത്രമാണ് നിലവിലുള്ളത്. 10 പഞ്ചായത്തുകളിലായി 74,318 കുടുംബങ്ങളാണ് നിലവിലുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നാട്ടിക വിപുലീകരണ പദ്ധതിയുടെ ഉൽപാദക ഘടകങ്ങൾക്കും മറ്റുമായി 69.96 കോടിയുടെ ഭരണാനുമതിയും, പിന്നീട് സാങ്കേതികാനുമതിയും ലഭിച്ചു.
പദ്ധതി ഇങ്ങനെ
കരുവന്നൂർ പുഴയുടെ നന്തിയിൽ നിർമ്മിക്കുന്ന 9 മീറ്റർ വ്യാസമുള്ള കിണറിൽ നിന്ന് 265 എച്ച്.പി മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് പമ്പ് ചെയ്ത് വെള്ളാനിയിൽ നിലവിലെ ജല ശുദ്ധീകരണ ശാലയ്ക്ക് സമീപം സ്ഥാപിക്കുന്ന 26 ദശ ലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ ശാലയിലെത്തിക്കും. പിന്നീട് ശുദ്ധീകരിച്ച് അണു നശീകരണം നടത്തി പ്ലാന്റിനോടു ചേർന്ന് സ്ഥാപിക്കുന്ന 11 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയിൽ സംഭരിക്കും.
നിലവിലുള്ള 20 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ ശാല നവീകരിച്ച് ശുദ്ധജലം സംഭരിച്ചും, അവിടെ നിന്നും വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലെ ജല സംഭരണികളിലെത്തിക്കും. 19.65 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ച വലപ്പാട് സേതുകുളം മുതൽ ഗണേശമംഗലം വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നുണ്ട്. ഈ പദ്ധതി മൂലം നാട്ടിക, തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിലെ 1,28,700 പേർക്ക് കൂടി പ്രയോജനം ലഭിക്കും.