 
പുന്നയൂർക്കുളം: പഞ്ചായത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം തുടർക്കഥയാകുന്നു. ഇന്നലെ പെരിയമ്പലം വേട്ടക്കാരൻ ക്ഷേത്രത്തിലും, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. വേട്ടക്കാരൻ ക്ഷേത്രത്തിൽ വിലപിടിപ്പുള്ള ഓട്ടു പാത്രങ്ങളും, മറ്റുമാണ് മോഷണം പോയത്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്.
ഈ ഒരാഴ്ചയ്ക്കിടയിൽ പുന്നയൂർക്കുളത്ത് നാല് ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്. നേരത്തെ പരൂർ ശിവക്ഷേത്രത്തിലും, ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ച രണ്ട് മണിയോടെയാണ് ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്രത്തിന് പുറത്തുള്ള ആൽ മരത്തിന് സമീപത്തെ ഭണ്ഡാരത്തിലും ക്ഷേത്രത്തിനകത്തെ അയ്യപ്പന്റെ പ്രതിഷ്യ്ഠക്ക് സമീപത്തുള്ള ഭണ്ഡാരവുമാണ് കുത്തിത്തുറന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞെങ്കിലും, ഹെൽമെറ്റ് ധരിച്ചതിനാൽ മോഷ്ടാവിനെ ഇതുവരെ പിടികൂടാനായില്ല.