 
പുതുക്കാട്: കൊവിഡ് വിരസത മാറ്റാൻ ആവണി കൃഷ്ണ വരച്ച ചിത്രങ്ങൾ വീടിന്റെ അകത്തളങ്ങളുടെ ചുമർ നിറഞ്ഞു. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ആവണി വരച്ച ചിത്രങ്ങൾ ജീവൻ തുടിക്കുന്നവയാണ്. കവിതകൾ ഏറെ ഇഷ്ടപ്പെടുന്ന ആവണി മനസിലെ കവിതകളെ ചിത്രങ്ങൾ ആക്കുകയാണെന്നാണ് പറയുന്നത്.
അളഗപ്പനഗർ സ്വദേശിയായ ആവണി കൃഷ്ണ സാമൂഹിക മാദ്ധ്യമങ്ങളെയും മറ്റും ആശ്രയിച്ചാണ് ചിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. ആദ്യകാലങ്ങളിൽ വീടിനകത്തെ സ്വിച്ച് ബോർഡിന്റെ പശ്ചാത്തലത്തിൽ ചെറിയ ചിത്രം വരച്ചായിരുന്നു തുടക്കം. പെൺകുട്ടി കിടന്ന് പുസ്തകം വായിക്കുന്നതും, കരടിയുടെയും ചിത്രങ്ങളാണ് ആദ്യമായി വരച്ചത്.
പിന്നീട് ചുമരുകളിൽ വലിയ ചിത്രം വരച്ചു തുടങ്ങി. ആദ്യകാലങ്ങളിൽ ക്രയോൺ ഉപയോഗിച്ചാണ് ചിത്രം വരച്ചിരുന്നത്. പിന്നീട് അക്രിലിക് പെയിന്റിലേക്ക് മാറുകയായിരുന്നു. കൈകളിൽ കാമറ പിടിച്ച ചിത്രവും, തൊപ്പി വെച്ച് നിൽക്കുന്ന സ്ത്രീ രൂപവും, പുല്ലുകളും വൃക്ഷങ്ങളും തുടങ്ങിയ പ്രകൃതി ദൃശ്യങ്ങളും, മയിൽപ്പീലിയും പുല്ലാങ്കുഴലും, ശംഖും , സുദർശനചക്രവും തുടങ്ങി മനസിൽ വിരിഞ്ഞ ചിത്രങ്ങൾ കൊണ്ട് വീടിന്റെ ചുമരുകൾ നിറഞ്ഞു.
ചിത്രരചന കൂടാതെ പത്രക്കടലാസ് കൊണ്ട് ഉണ്ടാക്കുന്ന അലങ്കാര വസ്തുക്കളും, ആശംസാ കാർഡുകളും തുടങ്ങി വിവിധ പേപ്പർ ക്രാഫ്റ്റ് വർക്കുകളും ഈ മിടുക്കിയുടെ കൈകൾക്ക് വഴങ്ങുന്നു. സ്‌കൂൾ യുവജനോത്സവങ്ങളിൽ കവിതാ പാരായണത്തിന് ഒട്ടേറെ തവണ പുരസ്‌കാരം നേടിയിട്ടുണ്ട്. അളഗപ്പനഗർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആവണി കൃഷ്ണയ്ക്ക് വേണ്ട എല്ലാ പിന്തുണയുമായി കൊടകര ഗവൺമെന്റ് എൽ.പി സ്‌കൂളിലെ അദ്ധ്യാപികയായ അമ്മ ഷീജ ശ്രീധറും. അനുജൻ നന്തിക്കര ശ്രീരാമകൃഷ്ണ സ്‌കൂൾ വിദ്യാർത്ഥിയായ ആഹ്ലാദ കൃഷ്ണയുമുണ്ട്. അളഗപ്പനഗറിലെ ഇവരുടെ വീടായ ശ്രീകോവിലിന്റെ ചുമരുകൾ മുഴുവൻ ആവണിയുടെ കലാവൈഭവം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.