പാവറട്ടി: നിർമ്മാണത്തിന് ആവശ്യമായ ഈറ്റയും മുളയും ചൂരലും കിട്ടാത്തതിനാൽ ഇവകൊണ്ട് ഉത്പന്നങ്ങൾ നിർമിച്ച് വിൽപന നടത്തുന്ന തൊഴിലാളികൾ പ്രതിസന്ധിയിൽ. മുമ്പ് കാർഷികാവശ്യങ്ങൾക്ക് ഏറെയും ഉപയോഗിച്ചിരുന്നത് ഇതുകൊണ്ട് ഉണ്ടാക്കിയിരുന്ന ഉത്പന്നങ്ങളായിരുന്നു. പാടങ്ങളിൽ നെല്ല് കൊയ്ത്തുകഴിഞ്ഞാൽ വിരിച്ചു ഇടുന്നതിനായി പനമ്പുകൾ, നെല്ലെടുത്ത് കൊണ്ടിടുന്നതിനായി കോബോറം, നെല്ല് ചേറുന്നതിനായി വട്ടോറം, ഇങ്ങനെ നിരവധി ഉത്പന്നങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് എല്ലാ ജോലികളും യന്ത്രങ്ങൾ ചെയ്യുന്നതിനാൽ ഇത്തരം ഉത്പന്നങ്ങൾക്ക് വിപണി ഇല്ലാതായി.

വീടുകൾ കേറി മുറം, കൊട്ട, വട്ടോറം എന്നിവ കൊണ്ടുനടന്നു വിറ്റ് കിട്ടുന്ന പണം കൊണ്ടുവേണം ഇന്ന് ഈ മേഖലയിലെ തൊഴിലാളികൾക്ക് ജീവിതം നെയ്‌തെടുക്കാൻ. കടക്കാർ ഇവരിൽ നിന്നും വിലപേശി സാധനങ്ങൾ വാങ്ങിക്കുന്നതിനാൽ വേണ്ട രീതിയിലുള്ള വില ഉത്പന്നങ്ങൾക്ക് ലഭിക്കുന്നില്ല. മുളയും, ചൂരലും ഈറ്റയും ഒന്നും ലഭിക്കാത്തതും വലിയ പ്രതിസന്ധിയ്ക്കിടയാക്കി. വീടുകളിൽ പോയി വലിയ വില കൊടുത്ത് മുളകൾ വാങ്ങി ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽക്കുമ്പോൾ വേണ്ടരീതിയിൽ സാമ്പത്തിക ലാഭവും ലഭിക്കുന്നില്ല.

ജില്ലയിലെ അതിരപ്പിള്ളി ഷോളയാർ തുടങ്ങിയ വന മേഖലകളിലാണ് ഈറ്റയും മുളയും ചൂരലും സുലഭമായി ഉള്ളത്. ഇതിന്റെ ഭാഗമായാണ് കേരള സർക്കാർ എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ബാംബൂ കോർപറേഷൻ എന്ന സ്ഥാപനം ആരംഭിച്ചത്. തൃശൂർ ജില്ലക്കായി ചാലക്കുടിയിൽ ഒരു ഡിപ്പോയും ആരംഭിച്ചു. തൊഴിലാളികൾക്ക് ഈറ്റ,​ മുള,​ ചൂരൽ എന്നിവ വിതരണം ചെയ്തിരുന്നത് ഈ ഡിപ്പോ മുഖേനയായിരുന്നു. എന്നാൽ 2016 മുതൽ ഇവിടെ ജീവനക്കാർ ഇല്ലാത്തതും ഉള്ള ജീവനക്കാർ വിരമിച്ചതും ചാലക്കുടി ഡിപ്പോയുടെ പ്രവർത്തനം നിലയ്ക്കാനിടയാക്കി. തൃശൂർ ജില്ലയിൽ ഏഴായിരത്തിലധികം തൊഴിലാളികളുടെ ജീവിതം ഇതുമൂലം ദുരിതപൂർണമായി. വരവൂർ, ദേശമംഗലം, കൊടുങ്ങല്ലൂർ, വരടിയം, ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം, വടക്കഞ്ചേരി, പഴയന്നൂർ, ചേലക്കര, തൃപ്രയാർ, കൈപ്പറമ്പ് തുടങ്ങിയ വടക്ക് പടിഞ്ഞാറൻ മേഖലകളിലെ തൊഴിലാളികളെയും ഇത് ബാധിച്ചു.

കുലത്തൊഴിലായി ജീവിതം നയിക്കുന്ന പട്ടികജാതി സാംബവ സമുദായമാണ് ഈ തൊഴിൽ ചെയ്ത് ജീവിക്കുന്നത്. പാക്കനാരുടെ പിൻതലമുറക്കാർ ആയി അറിയപ്പെടുന്ന ഈ സമുദായത്തിന് മുമ്പെല്ലാം ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നതിനായി സഹകരണ സംഘങ്ങളും പ്രവർത്തിച്ചിരുന്നു. എന്നാൽ അതിന്റെയും പ്രവർത്തനം ഇപ്പോഴില്ല.

ബാംബൂ കോർപറേഷൻ കീഴിലുള്ള ചാലക്കുടിയിലെ സബ് ഡിപ്പോ എത്രയും വേഗം തുറന്നു പ്രവർത്തിച്ച് നിർമ്മാണ തൊഴിലാളികൾക്ക് ഈറ്റയും മുളയും ചൂരലും സൗജന്യമായി വിതരണം ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

........

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ സാംബവ സമുദായത്തിലെ തൊഴിലാളികളുടെ നിർമാണത്തിനാവശ്യമായ നിർമാണ സാമഗ്രികൾ സൗജന്യമായി നൽകണം. ഉത്പന്നങ്ങൾക്ക് നല്ലൊരു വിപണി കണ്ടെത്തുന്നതിനായി അടിയന്തര നടപടി കൈക്കൊള്ളണം

- പി.കെ. ശങ്കർദാസ് (സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ്)​

ജീവിതം നെയ്തെടുക്കാനാകാതെ ഷണ്മുഖനും ഭാര്യ ചിന്നമ്മയും
പാവറട്ടി: മുള ചീന്തി നെയ്ത് ഉണ്ടാക്കുന്ന വട്ടമുറങ്ങളുമായി വീടുകളിൽ നടന്നു വില്പന നടത്തുകയാണ് വരടിയം ഇത്തപ്പാറ കോളനിയിലെ ഷണ്മുഖനും ഭാര്യ ചിന്നമ്മയും. 30 വർഷത്തിലധികമായി ഇവർ പരമ്പരാഗത കുലത്തൊഴിൽ ചെയ്ത് ജീവിക്കുന്നു. എന്നാൽ ഇന്ന് ഈ മേഖലയിലെ പ്രതിസന്ധി ഇവരുടെ ജീവിതത്തെയും കാര്യമായിബാധിച്ചു.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് നിന്നുമാണ് വരടിയം ഇത്തപ്പാറ കോളനിയിൽ ഇവരെത്തിയത്. വീടുകളിൽ പോയി 200, 250 രൂപ കൊടുത്ത് മുള വാങ്ങി സാധനങ്ങൾ ഉണ്ടാക്കി വില്പന നടത്തിയാൽ കാര്യമായി ഒന്നും മിച്ചം കിട്ടാറില്ലെന്നും ചിലപ്പോൾ ഒരെണ്ണം പോലും വിൽക്കാതെ തിരികെ പോകേണ്ടിവന്ന ദിവസങ്ങളുമുണ്ടെന്നും ഇവർ പറയുന്നു.

വരിയം ഇത്തപ്പാറ കോളനിയിലെ ഷൺമുഖനും ചിന്നമ്മുവും മുല്ലശ്ശേരി അന്ന കരയിൽ മുറം വിൽക്കാൻ എത്തിയപ്പോൾ