aiyf-samaram

എ.ഐ.വൈ.എഫ് നടത്തിയ പ്രതിഷേധ സമരം ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: പാലിയേക്കരയിലടക്കം ദേശീയ പാതകളിൽ നടക്കുന്ന ടോൾ കൊള്ള ബി.ജെ.പി സർക്കാരിന്റെ ലാളനയിലാണെന്ന് ചീഫ് വിപ്പ് കെ.രാജൻ. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി കേസിൽ സി.ബി.ഐ. അന്വേഷണം നേരിടുന്ന കമ്പനിയാണ് പാലിയേക്കരയിൽ ജനങ്ങളെ കൊള്ളയടിക്കുന്നത്. കേന്ദ്രസർക്കാരാണ് ഇതിന് കൂട്ടു നിൽക്കുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് ദേശീയപാത കുത്തകകൾക്ക് തീറെഴുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ ഗതാഗത കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ആംബുലൻസിന് പോലും കടന്നു പോവാൻ കഴിയാത്ത രീതിയിലാണ് കുരുക്ക് ഉണ്ടാകുന്നത്. അത് അടിയന്തരമായി പരിഹരിക്കണമെന്നും കെ. രാജൻ ആവശ്യപെട്ടു.
മണ്ഡലം പ്രസിഡന്റ് ശ്യാൽ പുതുക്കാട് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.എസ്. പ്രിൻസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ജി. മോഹനൻ, സി.യു. പ്രിയൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനീഷ് തുടങ്ങിയവർ സംസാരിച്ചു. എ.ഐ.വൈ.എഫ് പ്രവർത്തകർ ടോൾ പിരിവ് നിറുത്തി വെപ്പിക്കുകയും വാഹനങ്ങൾ കടത്തി വിടുകയും ചെയ്തു.