thrissur

തൃശൂർ: ഒരാഴ്ചയ് ക്കിടെ ഒമ്പത് കൊലപാതകങ്ങൾ ഉണ്ടായ തൃശൂരിൽ ഗുണ്ടകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇന്ന് രാവിലെ ഓപ്പറേഷൻ റേഞ്ചർ എന്ന പേരിൽ ജില്ലയിലെ ഗുണ്ടാകേന്ദ്രങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തി. സിറ്റി പൊലീസിന് കീഴിൽ വരുന്ന 20 പൊലീസ് സ്റ്റേഷൻ പരിധികളിലാണ് റെയ്ഡ് നടന്നത്. റേഞ്ച് ഐ.ജി സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം സിറ്റി പൊലീസ് കമ്മിഷണർ പി.ആദിത്യ, എ.സി.പി വി.കെ.രാജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റെയ്ഡിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തു.

കൊടും കുറ്റവാളികൾ, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘം എന്നിവർക്കായി പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിശോധന. ഗുണ്ടാകേന്ദ്രങ്ങളിൽ ഓരോ വീടുകളിലും കയറിയാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. സിറ്റി പരിധിയിലെ 20 പൊലീസ് സ്റ്റേഷനുകളിലായി 712 പേരാണ് റൗഡി ലിസ്റ്റിൽ ഉള്ളത്. കുറ്റവാളികളുടെ പ്രവർത്തനങ്ങളും നടപ്പാവസ്ഥയും നിരീക്ഷിച്ച് തത്സമയ റിപ്പോർട്ട് നൽകാൻ ഇന്റലിജൻസ് , കുറ്റവാളികളുടെയും ഗുണ്ടാ സംഘങ്ങളുടെയും സഞ്ചാരം നിരീക്ഷിക്കാൻ സൈബർസെല്ലിന്റെ സഹായവും തേടിയിരുന്നു. അടുത്തിടെ നടന്ന കൊലപാതകങ്ങളിൽ പകുതിയിലേറെ കേസുകളിലും പ്രതികൾ ഗുണ്ട ക്രിമിനൽ സംഘങ്ങളായിരുന്നു. ജില്ലയിൽ പൊലീസ് സംവിധാന നിഷ്‌ക്രിയമാണെന്ന് വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

പാലക്കാട് ജില്ലയിലും റെയ്ഡ് നടത്തുകയാണ്. ഒരേസമയം 140 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഒറ്റപ്പാലം,​ മണ്ണാർക്കാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.

നടപടികൾ ഇങ്ങനെ

റെയ്ഡ് നടത്തിയ കേന്ദ്രങ്ങൾ: 335
പരിശോധനയ്ക്ക് വിധേയരാക്കിയ കുറ്റവാളികൾ: 592
(107, 108 വകുപ്പ്) കരുതൽ നടപടിക്ക് ശുപാർശ: 105
കാപ്പ നിയമപ്രകാരം നടപടി: 2
പുതുതായി തയ്യാറാക്കിയ റൗഡി ഹിസ്റ്ററി ഷീറ്റുകൾ: 40

ഓപ്പറേഷൻ റേഞ്ചർ

 ക്രിമിനൽ നടപടിക്രമം 107, 108 വകുപ്പ് പ്രകാരമുള്ള കരുതൽ നടപടി കർശനമാക്കും
 അന്വേഷണാവസ്ഥയിലുള്ള കേസുകളിലെ മുഴുവൻ പ്രതികളുടെയും ലിസ്റ്റ് തയ്യാറാക്കും
 ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം
 കോടതികളിൽ നിന്നുള്ള വാറണ്ടുകൾ സമയബന്ധിതമായി നടപ്പാക്കും