 
തൃശൂർ: വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിക്ക് നിർദേശം. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവരുടെ സംഘം പരിശോധന നടത്തി പ്രോട്ടോകോൾ പാലിക്കാത്തവർക്കെതിരെ കേസെടുക്കും. പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾ മറ്റൊരു ഉത്തരവ് വരെ പ്രവർത്തിക്കാൻ അനുവദിക്കില്ല.
കൂടാതെ കളക്ടറുടെ പ്രത്യേക നിരീക്ഷണ സംഘം ജില്ല മുഴുവൻ നിരീക്ഷണം നടത്തി നടപടികൾ സ്വീകരിക്കും. വീടുകൾ തോറും നടത്തുന്ന പണപ്പിരിവുകൾ കർശനമായി നിരോധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ കർശനമായും ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിച്ചിരിക്കണം. മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങിയാൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.