congress

തൃശൂർ: ജില്ലയിൽ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിൽ ജനങ്ങൾ ഏറെ ഭീതിയിലാണെന്ന് ടി.എൻ. പ്രതാപൻ എം.പി. സർക്കാരും പൊലീസും നിഷ്‌ക്രിയരാണെന്നുള്ളതിന്റെ ഉത്തമ തെളിവാണ് ജില്ലയിലെ കൊലപാതക പരമ്പര. അഴിമതിക്കെതിരെ ജനാധിപത്യരീതിയിൽ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാൻ ഊറ്റം കൊള്ളുന്ന പൊലീസും, സർക്കാരും ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. കൊവിഡ് മഹാമാരി മൂലം വേദന അനുഭവിക്കുന്ന ജനങ്ങൾക്ക് ഈ കൊലപാതകങ്ങൾ സമാധാന ജീവിതത്തിനുള്ള ഇരുട്ടടിയായി മാറിയെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു.

ജില്ലയിലെ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചും, ജനങ്ങളുടെ ഭീതി അകറ്റണമെന്നും ആവശ്യപ്പെട്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ 26 കേന്ദ്രങ്ങളിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ജില്ലാ തല ഉദ്ഘാടനം ഡി.ഐ.ജി: ഓഫീസിനു മുന്നിൽ നടത്തുകയായിരുന്നു ടി.എൻ. പ്രതാപൻ എം.പി. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് പ്രതിഷേധ മാർച്ചിൽ അദ്ധ്യക്ഷനായി.

വിവിധ കേന്ദ്രങ്ങളിൽ നടന്ന മാർച്ച് നേതാക്കളായ പി.സി. ചാക്കോ, പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, അനിൽ അക്കര എം.എൽ.എ, എൻ.കെ. സുധീർ, ടി.യു. രാധാകൃഷ്ണൻ, ഐ.പി. പോൾ, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, കെ.ബി. ശശികുമാർ, സി.എസ്. ശ്രീനിവാസൻ, സി.സി. ശ്രീകുമാർ, എ. പ്രസാദ്, ജോൺ ഡാനിയേൽ, ഡോ. നിജി ജസ്റ്റിൻ, എം.എസ്. അനിൽകുമാർ, രാജൻ പല്ലൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.