 
കയ്പമംഗലം: തീരദേശ മേഖലയിലെ പത്ത് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന നാട്ടിക ഫർക്ക സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ട വിപുലീകരണത്തിന് തുടക്കം. കിഫ്ബിയുടെ 89.61 കോടി രൂപ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു.
ചെന്ത്രാപ്പിന്നിയിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഗീത ഗോപി, മുരളി പെരുനെല്ലി, പ്രൊഫ. കെ.യു. അരുണൻ എന്നിവർ മുഖ്യാതിഥികളായി. കേരള ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയർ എം. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എൻ. ജ്യോതിലാൽ, ഷിജിത്ത് വടക്കുഞ്ചേരി, പി.ഐ. സജിത, പി. വിനു, ഇ.കെ. തോമസ്, എടത്തിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. സതീഷ്, കേരള ജല അതോറിറ്റി സൂപ്രണ്ട് എൻജിനിയർ പൗളി പീറ്റർ എന്നിവർ പങ്കെടുത്തു.