കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒരേ സമയം ഇരു പാർട്ടികളുടെ പ്രതിഷേധ സമരം. പഞ്ചായത്ത് അംഗം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനെ തത്സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മെമ്പർമാരുമാണ് സമരം നടത്തിയത്.

എടത്തിരുത്തി പഞ്ചായത്തിന് മുന്നിൽ രാവിലെ പത്തിനായിരുന്നു സമരങ്ങളുടെ തുടക്കം. വാർഡിലെ സ്ത്രീയോട് സഭ്യേതര ഭാഷയിൽ സംസാരിച്ചതിന് കയ്പമംഗലം പൊലീസ് കേസെടുത്ത ആറാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ എ.കെ. ജമാൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ സമരം നടത്തിയത്. സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകളുടെ ഫേസ് ബുക്ക് പേജിൽ മോശം പരാമർശം നടത്തിയതിന് വാടാനപ്പള്ളി പൊലീസ് കേസെടുത്ത എടത്തിരുത്തി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ വി.കെ. ജ്യോതി പ്രകാശിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ്.മെമ്പർമാർ സമരം നടത്തിയത്.

ഒരേ സമയം ഇരുകൂട്ടരും പഞ്ചായത്തിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി അണിനിരന്നതോടെ കയ്പമംഗലം പൊലീസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറോളം സമരം തുടർന്നു. യു.ഡി.എഫ് മെമ്പർമാർ നടത്തിയ സമരം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. പി.എ. അബ്ദുൾ ജലീൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി സി.എസ്. രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രകാശൻ, പി.എ. ഷറാഫുദ്ദീൻ, എം.യു. ഉമറുൽ ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.
അഖിലേന്ത്യ ജനാധിപത്യ അസോസിയേഷൻ എടത്തിരുത്തി വില്ലേജ് കമ്മിറ്റി നടത്തിയ സമരം അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം മല്ലിക ദേവൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുബൈദ അദ്ധ്യക്ഷയായി. ബേബി ശിവദാസ്, എ.വി. സതീഷ്, ജാൻസി ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.