 
തൃശൂർ: ഗുണ്ടാ സംഘങ്ങളെ കർശനമായി നേരിടുന്നതിന്“ഓപ്പറേഷൻ റേഞ്ചറിൽ ജില്ലയിൽ നിന്നും 45ഉം പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും 74ഉം പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്തു. 102 ഒളിത്താവളങ്ങളിൽ റെയ്ഡ് നടത്തി. 420 കുറ്റവാളികളെ പരിശോധനയ്ക്ക് വിധേയരാക്കി. ക്രിമിനൽ ചട്ടപ്രകാരം 78 കരുതൽ നടപടിക്ക് ശുപാർശ ചെയ്തു. ഗുണ്ടാനിയമ പ്രകാരം 23 പേർക്കെതിരെ നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.
കുന്നംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പോർക്കുളം കുന്നത്ത് ശ്രീജിത്ത് എന്ന അടുപ്പു എന്നയാളുടെ വീട്ടിൽ നിന്നും ഏകദേശം 650 ഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. കൂടാതെ ഒരു മരപ്പട്ടിയെ കൂട്ടിലിട്ട നിലയിലും കണ്ടെത്തു. ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടനെല്ലൂർ കോളേജിന് അടുത്തുള്ള പോലുവളപ്പിൽ റോഷന്റെ സ്ഥലത്ത് കുപ്രസിദ്ധ കുറ്റവാളി കറമ്പൂസ് എന്ന ജിയോ നായ്ക്കളെ പരിപാലിക്കുന്ന സ്ഥലത്തു നിന്ന് രണ്ടു കത്തികളും ഒരു ഇരുമ്പ് പൈപ്പും ഒരു ഇരുമ്പ് കമ്പിയും പിടിച്ചെടുത്തു.
കുന്നംകുളം അടക്കം ഇതര ഭാഗങ്ങളിൽ നിന്നും ഏഴു കിലോ കഞ്ചാവും പിടികൂടി. അന്തിക്കാട്, കുന്നംകുളം, കൊരട്ടി , ചാലക്കുടി, ചാവക്കാട് മേഖലകളിൽ നിന്നും വടിവാൾ, വെട്ടുകത്തി, മഴു, കത്തി, പന്നിപ്പടക്കം അടക്കം മാരകായുധങ്ങൾ കണ്ടെത്തി. കുറ്റവാളികളികളുടെ നീക്കങ്ങൾ ഇന്റലിജന്റ്സ് വിഭാഗവും ഷാഡോ പൊലീസും നിരീക്ഷിച്ചതിനുശേഷമാണ് എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഒരേ സമയം റെയ്ഡ് സംഘടിപ്പിച്ചത്. കുറ്റവാളികളെ അമർച്ചചെയ്യാനുള്ള നിയമ നടപടികൾ വരും ദിവസങ്ങളിലും അതിശക്തമായി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ ആർ അറിയിച്ചു.
തൃശൂർ റേഞ്ച് ഡി.ഐ.ജി: എസ്. സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ ആർ, റൂറൽ എസ്.പി: വിശ്വനാഥ്, അസി. കമ്മിഷണർമാരായ വി.കെ. രാജു (തൃശൂർ), ടി.എസ്. സിനോജ് (കുന്നംകുളം), ബിജു ഭാസ്കർ ടി (ഗുരുവായൂർ) എന്നിവർ റെയ്ഡുകൾക്ക് നേതൃത്വം നൽകി. റെയ്ഡിൽ തൃശൂർ സിറ്റി പൊലീസ് ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരും ഒരേ സമയം പങ്കെടുത്തു. തൃശൂർ സിറ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാസംഘങ്ങളുടെ ഒളികേന്ദ്രങ്ങളിലടക്കം വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഡി.ഐ.ജി: എസ്. സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ ആർ എന്നിവരായിരുന്നു നേതൃത്വം വഹിച്ചത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.