നന്തിക്കര: രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പറപ്പൂക്കര പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. അവശ്യ സേവന മേഖലയിലുള്ളവർക്ക് മാത്രമാണ് ജോലിക്ക് പോകാൻ അനുമതി. അല്ലാതെയുള്ള മറ്റ് ജോലികൾക്ക് പോകുന്നവർക്ക് വീടിന് പുറത്തിറങ്ങാൻ പാടില്ല. മറ്റ് സ്ഥലങ്ങളിലുള്ളവർ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കാൻ പാടില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ തുറക്കരുത്. പൊതു സ്ഥലങ്ങളിൽ മൂന്നു പേരിൽ കൂടുതൽ ഒത്തുകൂടുന്നത് നിരോധിച്ചു. പഞ്ചായത്തിന് പുറത്തുനിന്ന് അവശ്യവസ്തുക്കൾ എത്തിക്കേണ്ടവർക്ക് വാർഡുതല സമിതിയുമായി ബന്ധപ്പെടാം. ധനകാര്യ സ്ഥാപനങ്ങൾക്ക് ഉച്ചക്ക് രണ്ടുമണിവരെ പ്രവർത്തിക്കാം. പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് മുഖേന അപേക്ഷകളും നികുതിയും സ്വീകരിക്കില്ല. അതിനായി ഓൺലൈനിൽ അപേക്ഷകൾ നൽകാം. ഹോട്ടലുകൾ, തട്ടുകടകൾ, ബാർബർ ഷോപ്പുകൾ പൂർണമായി അടച്ചിടണം. വഴിയോര കച്ചവടം ഒഴിവാക്കണം. ഇത്തരം നിയന്ത്രണങ്ങൾ ഒരാഴ്ച തുടരണമെന്നാണ് പഞ്ചായത്തിൽ ചേർന്ന അവലോകനയോഗത്തിലെ തീരുമാനം.