കൊടുങ്ങല്ലൂർ: മദ്ധ്യകേരളത്തിലെ മത്സ്യ ബന്ധന മേഖലയെ തകർക്കാൻ ഫിഷറീസ് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ. ഏറെ നാളുകളായി മദ്ധ്യമേഖലയോട് ഫിഷറീസ് വകുപ്പിന് ചിറ്റമ്മനയമാണെന്നാണ് ശക്തമായ ആക്ഷേപം.

ഏറ്റവുമൊടുവിൽ 144 മത്സ്യത്തൊഴിലാളി സംഘങ്ങളുള്ള തൃശൂർ - പാലക്കാട് ജില്ലകളുടെ ചുമതലയുള്ള ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാറുടെ തസ്തിക ആലപ്പുഴയിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഫിഷറീസ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്രെ.

മത്സ്യഫെഡിൽ അഫിലിയേഷനുള്ള നിരവധി സംഘങ്ങൾ തൃശൂർ ജില്ലയിലുണ്ട്. ആയിരക്കണക്കിന് കടലോര ഉൾനാടൻ മത്സ്യത്തൊഴിലാളികളുള്ള ജില്ല കൂടിയാണ് തൃശൂർ. മത്സ്യത്തൊഴിലാളികൾക്ക് ആശ്രയമായ സംഘങ്ങളുടെ പ്രവർത്തനം മാതൃകാപരമാണ്.

ദേശീയ അവാർഡ് കിട്ടിയ സംഘം, കേരളത്തിൽ തന്നെ ഏറ്റവും ആസ്തിയുള്ള ഫിഷറീസ് സംഘം, വനിതാ സംഘങ്ങൾ എന്നിവ തൃശൂരിലെ മത്സ്യത്തൊഴിലാളികൾക്ക് അത്താണിയാണ്.
അസിസ്റ്റന്റ് രജിസ്ട്രാർ തസ്തിക ഇല്ലാതാകുന്നതോടെ ജില്ലയിലെ തീരമേഖലയിലെ മത്സ്യത്തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നാണ് ആശങ്ക.

ഏറ്റവും വലിയ മത്സ്യ ബന്ധന മേഖലയായ കൊടുങ്ങല്ലൂരിൽ രണ്ട് മത്സ്യഭവൻ ഓഫീസർമാരുടെ തസ്തികകൾ നേരത്തെ തന്നെ നിറുത്തലാക്കിയിരുന്നു. ഫിഷറീസ് സബ് ഇൻസ്‌പെക്ടർ മെക് അഡീഷണൽ, സബ് ഇൻസ്‌പെക്ടർ മറൈൻ ബ്ലോക്ക് എന്നീ തസ്തികകളാണ് ഇല്ലാതായത്. കയ്പമംഗലം, പടിഞ്ഞാറെ വെമ്പല്ലൂർ എന്നിവിടങ്ങളിലെ സമാനമായ തസ്തികകളും നേരത്തെ വെട്ടിക്കുറച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ കുറവ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള മത്സ്യഭവനുകളുടെ പ്രവർത്തനം താളം തെറ്റിക്കുമെന്നാണ് ആശങ്ക. ജില്ലയിലെ തീരമേഖലയുടെ ഏറെ നാളത്തെ ആവശ്യമാണ് ഫിഷറീസ് സ്റ്റേഷൻ. ഉദ്ഘാടനം കഴിഞ്ഞ് വർഷം പിന്നിട്ടിട്ടും അഴീക്കോട്ടെ ഫിഷറീസ് സ്റ്റേഷൻ തുറക്കാൻ അധികൃതരടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായിട്ടില്ല. അധികൃതരുടെ തെറ്റായ നടപടികൾ മദ്ധ്യകേരളത്തിലെ മത്സ്യബന്ധന മേഖലയുടെ നടുവൊടിക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.