
തൃശൂർ: നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ ശല്യം മൂലം ജീവിതം വഴിമുട്ടിയ പുത്തൂർ വരന്തരപ്പിള്ളി അതിർത്തിയിലെ വനവാസ മേഖലയിൽ ഉള്ളവർക്ക് ആശ്വാസം. ഏറെ കാലമായി നില നിന്നിരുന്ന വന്യമൃഗ ആക്രമണം തടയാൻ വൈദ്യുതി വേലി പുന:സ്ഥാപിച്ചു. ചീഫ് വിപ്പ് കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ ആൻഡ്രൂസ്, പാലപ്പിള്ളി പഞ്ചായത്ത് മെമ്പർ ഷാബിറ ഹുസൈൻ, ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുമ്ദാർ തുടങ്ങിയവർ പങ്കെടുത്തു.ജില്ലയിലെ ആദ്യ ആധുനിക ബാറ്ററി സംവിധാനത്തോടെയുള്ള വേലിയാണ് സ്ഥാപിച്ചത്. സൗരോർജ്ജത്തിലും വൈദ്യുതിയിലും ഒരുപോലെ പ്രവർത്തിക്കുന്ന ബാറ്ററിയാണ് ഈ വേലിയുടെ സവിശേഷത. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് വേലി പുന:സ്ഥാപിച്ചത്. വരന്തരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ വരുന്ന വല്ലൂരിൽ കുറേ കാലങ്ങളായി ആന, കാട്ടുപന്നി, പുലി, കുരങ്ങൻ തുടങ്ങിയവയുടെ ആക്രമണത്തിൽ കർഷകരുടെ കാർഷിക വിളകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. നേന്ത്രക്കായ, തെങ്ങ്, റബ്ബർ എന്നീ വിളകൾ വ്യാപകമായി നശിപ്പിച്ചു. പരിഹാരം തേടി ചീഫ്വിപ്പിന് നൽകിയ പരാതിയിൽ വന്യമൃഗ ആക്രമണം പ്രതിരോധത്തിനായി സമിതി രൂപീകരിക്കുകയും ചാലക്കുടി ഫോറസ്റ്റ് ഓഫീസറുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വർഷങ്ങളായി നശിച്ചു കിടന്നിരുന്ന വേലി ആധുനിക സൗകര്യങ്ങളോടെ പുന:സ്ഥാപിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നാലു ലക്ഷം രൂപ ചെലവിലാണ് വേലി നിർമ്മിച്ചത്. ആനകളുടെ ആക്രമണത്തിൽ തകർന്ന വേലി ഇപ്പോൾ 75000 രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.
ഭാവിയിൽ ആനകളുടെ സ്വൈര്യവിഹാരത്തിന് ഭംഗം വരാത്ത രീതിയിൽ തൂങ്ങി കിടക്കുന്ന വൈദ്യുതി വേലി സ്ഥാപിക്കാനുള്ള ആലോചനയുണ്ട്.
കെ.പി പ്രേമം ഷമീർ
പാലപ്പള്ളി റേഞ്ച് ഓഫീസർ
ആനയെക്കാൾ ഉയരത്തിൽ
വയനാട്, അട്ടപ്പാടി മേഖലകളിൽ വളരെയേറെ പ്രചാരത്തിലുള്ള ഈ വേലി ആനയെക്കാൾ 5 മീറ്റർ ഉയരത്തിലാണ് സ്ഥാപിക്കുന്നത്. വേലിക്ക് കേടുപാടുകൾ സംഭവിക്കില്ല എന്നതാണ് ഇതിന്റെ സവിശേഷത. ഇതിനോട് ചേർന്ന് മാന്ദമംഗലം മേഖലയിലുള്ള 12 കിലോമീറ്റർ വേലി കേടുപാടുകൾ ഇല്ലാതെ സംരക്ഷിച്ചുവരുന്നുണ്ട്. പുതിയ വേലിയുടെ സംരക്ഷണത്തിന് കർഷകരുടെ സമിതി രൂപീകരിച്ച് അവർ തന്നെ അറ്റകുറ്റപ്പണി നടത്തും.