akkitham

തൃശൂർ: കാവ്യലോകത്തും സാമുദായിക നവോത്ഥാനത്തിലും ഔദ്യോഗികജീവിതത്തിലും പതിറ്റാണ്ടുകളോളം സജീവമായിരുന്ന സാംസ്കാരിക തലസ്ഥാനത്ത് തന്നെയായി മഹാകവിയുടെ അന്ത്യവേളകൾ. മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും ഈരടികളും വേദപ്പൊരുളുകളുടെ സത്തകളും ബാക്കിയാക്കിയാണ് അക്കിത്തം വിടചൊല്ലുന്നത്.

സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ എഴുത്തിന്റെയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളുടെയും തട്ടകമായി തൃശൂർ മാറുന്നത്. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായത്തിലെ അരുതായ്മകൾ ചോദ്യം ചെയ്ത അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി.

1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ തിരക്കഥാ എഴുത്ത് ചുമതലയായി. 1975ൽ തൃശൂർ നിലയത്തിൽ എഡിറ്ററായി. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. അപ്പോഴും തൃശൂരിനോടുള്ള കമ്പവും അനുകമ്പയും തുടർന്നുപോന്നു. വേദമുഖരിതമായ ബ്രഹ്മസ്വം മഠവും ക്ഷേത്രങ്ങളും ഉത്സവാന്തരീക്ഷവും സാഹിത്യ അക്കാഡമിയും സാഹിത്യപ്രതിഭകളുടെ സംഗമവുമെല്ലാം അദ്ദേഹത്തിന് തൃശൂരിനോടുള്ള ഇഷ്ടത്തിന് കാരണമായി.

മകൾ ഇന്ദിരയുടെ വീടും അയ്യന്തോൾ തേഞ്ചിത്തുകാവ് ക്ഷേത്രത്തിന് അടുത്തായിരുന്നു. അതുകൊണ്ടു തന്നെ തൃശൂരിലെ നിത്യസന്ദർശകനായി. എഴുത്തച്ഛൻ പുരസ്കാരം അദ്ദേഹം സ്വീകരിച്ചതും അയ്യന്തോളിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു. പുരോഗമന ചിന്താഗതിയുടെ സ്ഫുരണമുള്ള നമ്പൂതിരി യുവാക്കളുടെ കൂട്ടത്തിലൊരാളായാണ് സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെ അക്കിത്തം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. വി.ടി ഭട്ടതിരിപ്പാടായിരുന്നു വഴിവിളക്ക്.

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള വി.ടിയുടെ ആഹ്വാനം എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും അദ്ദേഹം സാക്ഷാത്കരിച്ചു. പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം നടന്നു. പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളെയും നേതാക്കളെയും ചേർത്തുപിടിച്ചു. സംസ്‌കൃതവും വേദവും മലയാളവും ഇംഗ്ലീഷുമെല്ലാം പഠിച്ചു. ഇടശേരിയോടൊപ്പം പൊന്നാനി കേന്ദ്രീകരിച്ചും അദ്ദേഹത്തിൻ്റെ സാഹിത്യ-സാംസ്കാരിക-സാമുദായിക പ്രവർത്തനം തുടർന്നു. എം. ഗോവിന്ദന്റെ മാനവിക ദർശനങ്ങളും ആശയങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. സ്നേഹവും സമത്വവുമില്ലാത്ത, ഹിംസാത്മക വിപ്ളവങ്ങളെയും സമരങ്ങളെയും അദ്ദേഹം വിമർശിച്ചപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പമല്ലെന്ന് വിധിയെഴുതിയവരുണ്ട്.

തൻ്റെ എഴുത്ത് സ്നേഹമില്ലായ്മക്കെതിരെയാണെന്ന് അദ്ദേഹം അവരോട് തുറന്നുപറഞ്ഞു. ഒരു സംഘടനയുടെയും ഭാഗമല്ലെന്ന് അക്കിത്തം ഒടുവിൽ അസന്നിഗ്ദ്ധമായി പറഞ്ഞു. അങ്ങനെയാണ് രാഷ്ട്രീയത്തിൻ്റെ പേരിലുളള വിമർശനം നടത്തിയ പലരുടെയും വായടഞ്ഞത്. അതെ, കണ്ണീർക്കണങ്ങളാണ് ഈ കാവ്യസഞ്ചാരം അവശേഷിപ്പിക്കുന്നത്. കണ്ണീരും ചിരിയും സത്യമാണെന്നും സ്‌നേഹത്തിന് പകരമായി മറ്റൊന്നും ഇല്ലെന്നും കുറിച്ചിട്ട്, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ലോകത്തിന് സമർപ്പിച്ച്, മണ്ണോടു ചേരുകയാണ് മലയാളത്തിൻ്റെ മഹാഋഷികവി...