akkitham

തൃശൂർ / പാലക്കാട്: വെളിച്ചം ദുഃഖമാണുണ്ണീ എന്ന് വിങ്ങിപ്പൊട്ടിയ,​ കവിതയുടെ നിതാന്ത വെളിച്ചം അസ്തമിച്ചു.

ഇന്നലെ രാവിലെ 8.10ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭൗതികദേഹം സ്വദേശമായ പാലക്കാട് കുമരനെല്ലൂരിലെ വസതിയായ ദേവായനം വളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മക്കളായ വാസുദേവനും നാരായണനും വൈകിട്ട് 5ന് ചിതയിൽ അഗ്നി പകർന്നു.

അന്യർക്കായി പൊഴിച്ച കണ്ണുനീർത്തുള്ളികൾ മനുഷ്യസ്നേഹത്തിന്റെ മഹാഗാഥയാക്കിയ മനീഷിയാണ് 94ാം വയസിൽ മടങ്ങിപ്പോയത്. ആത്മാവിൽ ഉദിച്ച ആയിരം സൗരമണ്ഡലത്തിന്റെ ദീപ്തിയിൽ മലയാള കവിതയെ ആധുനികതയുടെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തം. ഏഴ് പതിറ്റാണ്ടോളം മുമ്പ് വേദോപനിഷത്തുകളുടെയും പരിഷ്‌കരണ ചിന്തകളുടെയും മൂല്യങ്ങൾ സമന്വയിപ്പിച്ച് അക്കിത്തം രചിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യമാണ് മലയാളകവിതയിൽ ആധുനികതയുടെ വിത്ത് പാകിയത്. ഇടിഞ്ഞുപൊളിഞ്ഞ ലോകത്ത് നവോത്ഥാനത്തിന്റെ കാവ്യവസന്തം തൂവിയ വിപ്ലവകാരിക്കു വിട. ഋഷിയായ കവിക്ക്,​ കവിതയുടെ മഹാഗുരുവിന്,​ കാവ്യ കൈരളിയുടെ പ്രണാമം.

ഭാര്യ: പരേതയായ ശ്രീദേവി അന്തർജ്ജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു അക്കിത്തം. തിങ്കളാഴ്ച രാത്രി മൂത്രതടസത്തെ തുടർന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കയുടെ പ്രവർത്തനം തകരാറിലായതോടെ തീവ്രപരിചരണ വിഭാഗത്തിലാക്കി. കൊവിഡ് നെഗറ്റീവായിരുന്നു. ബുധനാഴ്ച രാവിലെ അബോധാവസ്ഥയിലായി. രാത്രിയോടെ നില വഷളായി. പുലർച്ചെ അഞ്ചുമണിയോടെ ശ്വാസതടസം ഗുരുതരമായി. മക്കളായ ഇന്ദിരയും വാസുദേവനും നാരായണനും അടുത്തുനിൽക്കേയായിരുന്നു​ അന്ത്യം...

ഇന്നലെ രാവിലെ 11.20 ന് സാഹിത്യ അക്കാഡമിയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നു. മംഗളോദയത്തിലും ആകാശവാണിയിലുമെല്ലാമായി പതിറ്റാണ്ടുകളോളം തൃശൂരിലുണ്ടായിരുന്ന അക്കിത്തത്തിന് സാംസ്‌കാരിക തലസ്ഥാനം കണ്ണീരോടെ വിട നൽകി. അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി കെ.പി.മോഹനൻ തുടങ്ങിയവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങി പൊതുദർശനത്തിനു വച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.സി.മൊയ്തീനും​ മന്ത്രി വി.എസ്.സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ.കെ.രാജൻ, ടി.എൻ.പ്രതാപൻ എം.പി,​ കളക്ടർ എസ്.ഷാനവാസ് തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

12.25 ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വിലാപയാത്രയായി സ്വദേശമായ പാലക്കാട് കുമരനെല്ലൂരിൽ അമേറ്റിക്കരയിലെ വസതിയായ ദേവായനത്തിൽ എത്തിച്ചു. സർക്കാരിനുവേണ്ടി മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് റീത്ത് സമർപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചുരുക്കം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം. ആചാരപരമായ ചടങ്ങുകൾക്കുശേഷമാണ് ഭൗതികദേഹം ചിതയിലേക്ക് എടുത്തത്.‌
യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളിലൂ‌ടെ സാമൂഹ്യ നവോത്ഥാന രംഗത്തും അക്കിത്തം സജീവമായിരിന്നു. മനുഷ്യസ്നേഹത്തിന്റെ ഗാഥകളാണ് അക്കിത്തത്തിന്റെ കവിതകൾ. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം തുടങ്ങി 55 കൃതികൾ രചിച്ചു. അതിൽ 45ഉം കവിതാസമാഹാരങ്ങൾ.