shanu

തൃശൂർ: സദ്ദാമും ഹുസൈനും...​ പേരുപോലെ കണ്ടാലും ആരുമൊന്ന് വിറയ്ക്കും.എണ്ണക്കറുപ്പും ആറടിയിലധികം ഉയരവും രണ്ടായിരം കിലോ ഭാരവുമുള്ള രണ്ട് പോത്തുകുട്ടന്മാർ.

കാർഷിക പ്രദർശനങ്ങളിൽ താരങ്ങളാകുന്ന ഈ സദ്ദാം, ഹുസൈൻമാരുടെ ഉടമ മുപ്പത്തഞ്ചുകാരനായ കാട്ടൂർ തളിയപ്പാടത്ത് വീട്ടിൽ ഷാനവാസ് അബ്ദുള്ളയാണ്.

സദ്ദാമിനെ ഹരിയാനയിൽ നിന്നും ഹുസൈനെ ആന്ധ്രയിൽ നിന്നുമാണ് മോഹവില നൽകി വർഷങ്ങൾക്കുമുമ്പ് ഷാനവാസ് വാങ്ങിയത്. എന്നാൽ മോഹവില എത്രയെന്ന് മാത്രം ഷാനവാസ് വെളിപ്പെടുത്തിയില്ല. ഇരുവരും മുറ ജനുസിൽപ്പെട്ട മുന്തിയ ഇനം പോത്തുകളാണ്.

ഇരുവർക്കും ഇപ്പോൾ പ്രായം അഞ്ച്. ഭീമാകാരന്മാരാണെങ്കിലും പഞ്ചപാവങ്ങളാണ്. ഷാനവാസ്ഒന്നു തലോടിയാൽ കൊച്ചുകുട്ടികളെ പോലെ ഇരുവരും ഇണങ്ങും.

ഇറാക്ക് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ഓർമ്മയ്ക്കായാണ് ഈ പേരിട്ടതെന്ന് ഷാനവാസ് പറയുന്നു. പെട്രോൾ പമ്പ് ഉടമയായ ഷാനവാസിന്റെ പ്രധാന വിനോദമാണ് മൃഗപരിപാലനം.കാട്ടൂരിൽ ഫാം ഹൗസിൽ മൂന്ന് പോത്തുകളും രണ്ട് എരുമകളും മൂന്ന് കാളകളും കൂടിയുണ്ട്.മർഫിയയാണ് ഷാനവാസിന്റെ ഭാര്യ. മക്കൾ: സെയ്ബ ഫാത്തിമ, സെയ്ൻ അബ്ദുള്ള ( വിദ്യാർത്ഥികൾ).

seyba-fathima

ഇനി തീറ്റ കേട്ട് ഞെട്ടിക്കോ...!

പ്രദർശനമുള്ളപ്പോൾ ദിവസവും ഓരോ കിലോ വീതം ആപ്പിൾ, കാരറ്റ്, കുക്കുമ്പർ, ബദാം എന്നിവ നൽകും. ഒരു ലിറ്റർ വീതം എരുമപ്പാലും ദിവസവും കുടിക്കും.ഒരു മാസം ഇരുവർക്കും ഭക്ഷണത്തിനായി മാത്രം അമ്പതിനായിരം രൂപ വേണം.പോത്തുകളെ പരിപാലിക്കുന്നതിനായി നാല് ജീവനക്കാരുമുണ്ട്.പോത്ത് കുട്ടൻമാർക്ക് മൂന്ന് നേരം വിശാലമായി കുളിക്കണം. എണ്ണ മസാജിംഗും ദിവസവുമുണ്ടാകും.പലരും കോടികൾ വാഗ്ദാനം ചെയ്തിട്ടും വിൽക്കാൻ തയ്യാറായില്ലെന്ന് ഷാനവാസ് പറയുന്നു.

ആറ് വർഷം മുമ്പാണ് പോത്തുകളെ ഒപ്പം കൂട്ടിയത്. എട്ട് വയസുകാരി മകൾ സെയ്ബ ഫാത്തിമയുടെ ഉറ്റ ചങ്ങാതിമാരാണ് ഇവരെല്ലാം.

ഷാനവാസ് അബ്ദുള്ള.