akkitham

തൃശൂർ : അക്കിത്തത്തിന്റെ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയത് തൃശൂരിൽ നിന്നാണ്. എട്ടണ കൊടുത്താണ് കവി തന്റെ ആദ്യ കവിതാ സമാഹാരം സ്വന്തമാക്കിയത്.

തൃശൂരിലെ ആദ്യകാല പ്രസാധകരായ മംഗളോദയത്തിൽ നിന്ന് 1944 ലാണ് ആ സമാഹാരം പുറത്തിറങ്ങിയത്.
പേരൊന്നുമിടാതെ പത്തു കവിതകൾ തുന്നിക്കെട്ടി തൃശൂരിലെ മംഗളോദയം പ്രസിലേക്ക് അയയ്ക്കുകയായിരുന്നു കവി. ഏറെ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ലെന്നും അക്കിത്തം പല വേദികളിലും ഓർമപ്പെടുത്തിയിരുന്നു. അയച്ച കവിത തന്നെ അദ്ദേഹം മറന്നു.

എന്നാൽ നാളുകൾക്ക് ശേഷം യോഗ ക്ഷേമസഭ വാർഷികത്തിന് തൃശൂരിലെത്തിയപ്പോൾ ബുക്ക് സ്റ്റാളിൽ ഒരു കവിതാസമാഹാരം. പേര് "വീരവാദം"- അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന പുസ്തകം ഇരിക്കുന്നത് കണ്ട് വളരെ അമ്പരപ്പോടെയാണ് പുസ്തകം വാങ്ങിയത്. അതും എട്ടണ വില കൊടുത്ത്. സ്വന്തം കവിതാ സമാഹാരം പണം കൊടുത്തു വാങ്ങേണ്ടി വന്ന ഒരു കവി ഉണ്ടായിട്ടില്ല എന്ന് പറയേണ്ടി വരും. മംഗളോദയത്തിലുണ്ടായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് പുസ്തകത്തിന് പേരിട്ടതെന്ന് അദ്ദേഹം പിന്നീടാണറിഞ്ഞത്.

തൃശൂർ ആകാശവാണിയിൽ 'വയലും വീടും' പരിപാടിയുടെ എഡിറ്ററായിരുന്നു അക്കിത്തം. 'വയലും വീടും' എഡിറ്റർ ജോലിയും കവിമനസുമായി വലിയ ബന്ധമില്ലായിരുന്നു. വലുപ്പ ചെറുപ്പം നോക്കിയല്ല അദ്ദേഹം ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. മരണത്തിലും തൃശൂരിനെ അദ്ദേഹത്തിൽ നിന്ന് മായ്ക്കാൻ സാധിച്ചില്ല. നാല് ദിവസം മുമ്പ് വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നലെ രാവിലെയാണ് മലയാളത്തോട് യാത്രപറഞ്ഞത്.

ജന്മം കൊണ്ട് പാലക്കാട്ടുകാരനായിരുന്നുവെങ്കിലും തൃശൂരിലെ സാഹിത്യ- സാംസ്‌കാരിക- ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ സജീവമായിരുന്നു മഹാകവി അക്കിത്തം. തൃശൂരിന്റെ അതിർത്തി പ്രദേശമായ കുമരനെല്ലൂരായതിനാൽ അക്കിത്തത്തിന്റെ സാന്നിദ്ധ്യം എപ്പോഴും തൃശൂരിലുണ്ടായിരുന്നു.