
തൃശൂർ: സ്വകാര്യ സ്ഥാപനങ്ങളുടെ പേരിൽ കൊവിഡ് ക്ളസ്റ്ററുകളും നിരീക്ഷണ കേന്ദ്രങ്ങളും പരസ്യപ്പെടുത്തുന്നതിൽ ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവും പരാതിയും. പല സ്ഥാപനങ്ങളിലെയും വ്യവസായത്തെയും സൽപ്പേരിനെയും ഇത് ദോഷകരമായി ബാധിച്ചുവെന്നാണ് ആക്ഷേപം. വാർഡുകളുടെ പേരിലോ സ്ഥലത്തിൻ്റെ പേരിലോ നിരീക്ഷണകേന്ദ്രങ്ങളും ക്ളസ്റ്ററുകളും സംബന്ധിച്ച അറിയിപ്പുകൾ നൽകുന്നതിന് പകരം സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
എങ്കിലും ചില ഉദ്യോഗസ്ഥർ ഇപ്പോഴും സ്ഥാപനങ്ങളുടെ പേര് തന്നെ സർക്കാർ അറിയിപ്പുകളിൽ ഉൾപ്പെടുത്തുന്നുവെന്നാണ് പരാതി. കളക്ടറേറ്റിലെ ഫയലിൽ സ്ഥാപനങ്ങളുടെ പേര് ചേർക്കുന്നതാണ് പ്രശ്നം. എന്നാൽ മറ്റ് ജില്ലകളിൽ ഈ രീതിയില്ലെന്നും പറയുന്നു. ഇനി നിലവിൽ വരുന്ന കേന്ദ്രങ്ങൾക്കെങ്കിലും സ്ഥാപനങ്ങളുടെ പേര് ചേർക്കരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
സർഗസൗന്ദര്യത്തിന്റെ അമ്പിളിക്കല
ജയിൽവകുപ്പിലെ ഉദ്യോഗസ്ഥർ പ്രതികളെ പീഡിപ്പിച്ചതിലൂടെയാണ് മിഷൻ ക്വാർട്ടേഴ്സിലെ ‘അമ്പിളിക്കല’ ഹോസ്റ്റലിന് പേരുദോഷമുണ്ടായത്. വർഷങ്ങളായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ എൻട്രൻസ് പരിശീലനത്തിനായി താമസിച്ച ഹോസ്റ്റൽ എന്നതിലുപരി മറ്റ് ചില സവിശേഷതകൾകൂടി അമ്പിളിക്കലയ്ക്കുണ്ട്. പതിറ്റാണ്ടുകൾ മുൻമ്പേ അവിസ്മരണീയ പരസ്യങ്ങൾ പിറവികൊണ്ടതും ഇതേ അമ്പിളിക്കലയിലായിരുന്നു. ആകാശവാണി കേരളത്തിൽ ആദ്യമായി ആക്രഡിറ്റേഷൻ നൽകിയ പരസ്യ ഏജൻസി ആയിരുന്നു അമ്പിളിക്കല. പുരയിടത്ത് കളത്തിൽ കുട്ടിശങ്കരമേനോൻ നാല് പതിറ്റാണ്ട് മുമ്പ് പടുത്തുയർത്തിയതാണ് ‘അമ്പിളിക്കല’ എന്ന പരസ്യക്കമ്പനി. ഓട്ടൻതുള്ളലുകളുടെയും നാടൻശീലുകളുടെയും ഈണങ്ങൾ ഉപയോഗിച്ചതായിരുന്നു അന്ന് പരസ്യങ്ങൾ. പെരിന്തൽമണ്ണയിലായിരുന്നു ഏജൻസിയുടെ തുടക്കം. പിന്നീട് ഏജൻസി തൃശൂരിലേക്ക് മാറ്റി. മിഷൻ ക്വാർട്ടേഴ്സിൽ ഇപ്പോൾ അമ്പിളിക്കല ഹോസ്റ്റൽ നിൽക്കുന്ന സ്ഥലത്ത് താമസിച്ചിരുന്നയാളുടെ വീട് വാങ്ങിയാണ് കുട്ടിശങ്കരമേനോൻ ഓഫീസും താമസവും തുടങ്ങിയത്. പത്ത് വർഷം മുമ്പ് കുട്ടിശങ്കരമേനോൻ മരിച്ചു. മക്കളുടെ ചുമതലയിലാണ് ഇപ്പോൾ അമ്പിളിക്കല. പ്രൊഫ. പി.സി. തോമസിൻ്റെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലേക്ക് വിദ്യാർത്ഥികൾ ഏറെയെത്താൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം അമ്പിളിക്കല രണ്ട് പതിറ്റാണ്ട് മുൻപ് 60 മുറികളുള്ള ഹോസ്റ്റലാക്കി. ഇപ്പോൾ റിജു ആൻഡ് പി.എസ്.കെ. എൻട്രൻസ് പരിശീലന സ്ഥാപനത്തിലെ കുട്ടികളാണ് താമസിക്കുന്നത്.
അമ്പിളിക്കലയ്ക്ക് തൃശൂരിൽ മൂന്ന് വിദ്യാർത്ഥി ഹോസ്റ്റലുകൾ കൂടി ഉണ്ട്. നല്ല സൗകര്യങ്ങൾ ഉള്ളതിനാൽ ഇത് ജയിലിലെ കൊവിഡ് നിരീക്ഷണകേന്ദ്രം ആക്കാനായിരുന്നു ഭരണകൂടം തീരുമാനിച്ചത്.