ചാലക്കുടി: ഒന്നര പതിറ്റാണ് നീണ്ട വിവാദങ്ങൾക്ക് പര്യവസാനം. ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് ഈ മാസം 19ന് പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കും. ഓൺലൈൻ വഴിയാകും ഉദ്ഘാടനച്ചടങ്ങ്. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ സംബന്ധിക്കും.

നിർമ്മാണം പൂർത്തിയായ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച ആർ.ടി.ഒ പരിശോധനയ്‌ക്കെത്തി. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു കൗൺസിലുകളും പലഘട്ടങ്ങളിലായി സ്റ്റാൻഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ഇപ്പോഴത്തെ ഭരണ സമിതി 2.25 കോടി രൂപ സ്റ്റാൻഡ് പൂർത്തീകരണത്തിന് ചെലവഴിച്ചു.

രണ്ടു വർഷം മുമ്പ്് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ വിവാദങ്ങളും തടസങ്ങളുമായി ഒരു വിഭാഗം കരുക്കൾ നീക്കിയപ്പോൾ പ്രശ്‌നം സങ്കീർണ്ണമായി. ഒടുവിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഉദ്ഘാടനം വേണമെന്ന ദൃഢനിശ്ചയമാണ് ഏറെ വൈകിയാണെങ്കിലും തുറന്ന് കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.