
തൃശൂർ: നാടിന്റെ ആവാസവ്യവസ്ഥയ്ക്ക് കൈത്താങ്ങായി ജില്ലയിൽ പച്ചതുരുത്തുകൾ. ഗോളതാപനം ചെറുക്കുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷവശങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്ന തരത്തിലാണ് പച്ചത്തുരുത്ത് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ജില്ലയിൽ 88 പച്ചതുരുത്തുകൾ
ഹരിതകേരളം മിഷൻ പദ്ധതിയായ 1000 പച്ചത്തുരുത്തുകൾ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 88 പച്ചത്തുരുത്തുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ജില്ലയിൽ ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, കുന്നംകുളം എന്നീ മൂന്ന് മുൻസിപ്പാലിറ്റികളിലും 24 പഞ്ചായത്തുകളിലുമാണ് പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനം നടന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ നടത്തുകയും പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയും ചെയ്തത് 27 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ആണ്.
സംസ്ഥാനത്ത് 1261
സംസ്ഥാനത്ത് ഒട്ടാകെ ഇതിനോടകം 1261 പച്ചത്തുരുത്തുകളാണ് പൂർത്തീകരിച്ചത്. പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്നതിനൊപ്പം മൂന്ന് വർഷത്തോളം പച്ചത്തുരുത്തിന്റെ പരിപാലനവും പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നുണ്ട്.
ജൈവ വേലി
മാവ്, ഈട്ടി, വേങ്ങ, ആഞ്ഞിലി, മാവ്, കുടംപുളി എന്നിവ ഇടകലർത്തിയാണ് പച്ചതുരുത്ത് തയ്യാറാക്കുന്നത്. ജില്ലയിൽ എവള്ളി ഗ്രാമപഞ്ചായത്തിൽ കുളവെട്ടി മരങ്ങളാണ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുന്നത്. ഓരോ പ്രദേശത്തും ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വൃക്ഷങ്ങളാണ് വെച്ചുപിടിപ്പിക്കുക. സർക്കാർ അധീനതയിലുള്ള പൊതു സ്ഥലങ്ങൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ജൈവവേലി കെട്ടിയാണ് പച്ചതുരുത്തിനെ സംരക്ഷിക്കുന്നത്.
ജില്ലാതല പ്രഖ്യാപനം
എളവള്ളിയിൽ പച്ചതുരുത്ത് ജില്ലാതല പ്രഖ്യാപ്നം മുരളി പെരുന്നെല്ലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുകെ ലതിക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഡി സുനിൽ, എളവള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തോമസ് അലിയാസ് രാജൻ എന്നിവർ പങ്കെടുത്തു.