
പുതുക്കാട്: വരന്തരപ്പിള്ളി പഞ്ചായത്ത് എട്ടാം വാർഡ് എടത്തൂട്ട് പാടത്ത് മുരിങ്ങേരി സലീഷിനെതിരെ പകർച്ചവ്യാധി നിയമമനുസരിച്ചും ദുരന്ത നിവാരണ നിയമമനുസരിച്ചും നടപടികൾ സ്വീകരിക്കണം എന്നഭ്യർത്ഥിച്ച് പുതുക്കാട് താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി. കരാറുകാരനായ സലീഷ് അനധികൃതമായി 13 അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും അതിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യ വിഭാഗം കത്ത് നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ബംഗാളികളായ തൊഴിലാളികൾ തെരുവിൽ പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട ആശ പ്രവർത്തക കരാറുകാരനോട് തിരക്കിയപ്പോൾ അവർ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവരാണ് എന്നാണ് അറിയിച്ചത്. എന്നാൽ ഇതിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊഴിലാളികൾ ഈ മാസം നാലിനാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയതെന്ന് കണ്ടെത്തിയിരുന്നു.