
തൃശൂർ: കേരളത്തിലെ ചരക്കുകടത്തിന്റെ ഭൂരിഭാഗവും നടക്കുന്ന കൊച്ചി - സേലം റൂട്ടിൽ തൃശൂർ - പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം രണ്ട് വർഷമായി നിലച്ചത് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് തുരങ്കം വയ്‌ക്കുന്നതായി.
മണ്ണുത്തി - വടക്കഞ്ചേരി 28.5 കിലോമീറ്റർ പാതയുടെ ഭാഗമാണ് 940 മീറ്റർ നീളമുള്ള കുതിരാൻ ഇരട്ടത്തുരങ്ക പാത. ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ട തുരങ്കവും കേരളത്തിലെ ആദ്യ തുരങ്കപാതയുമാണിത്. കുപ്പിക്കഴുത്തു പോലെയുള്ള കുതിരാൻ കയറ്റത്തിൽ മൂന്നും നാലും മണിക്കൂറുകളാണ് ഇപ്പോൾ വാഹനങ്ങൾ കുരുങ്ങുന്നത്. ഇതിന് പരിഹാരമാകേണ്ട തുരങ്കപാതയുടെ നിർമ്മാണം ദേശീയപാത അതോറിട്ടിയുടെ അനാസ്ഥകൊണ്ടു മാത്രമാണ് മുടങ്ങിക്കിടക്കുന്നത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത വയനാട്ടിൽ നിർമ്മിക്കുന്നതിന് മുഖ്യമന്ത്രി തുടക്കം കുറിച്ചപ്പോഴാണ് ആറ് വർഷം മുമ്പ് പണി തുടങ്ങിയ കുതിരാൻ തുരങ്കം ഇഴയുന്നത്.
പ്രശ്നം കരാർ കമ്പനിയുടെ വകമാറ്റൽ
ബി.ഒ.ടി വ്യവസ്ഥയിലാണ് നിർമാണം. ദേശീയപാത അതോറിട്ടിയുടെ ഗാരന്റിയിൽ ബാങ്കുകളുടെ കൺസോർഷ്യമാണ് വായ്പ നൽകിയത്. ടോൾ പിരിച്ചു കൂടി വേണം വായ്പ തിരിച്ചടയ്ക്കാൻ. നിർമാണം പൂർത്തീകരിക്കാതെ, കരാർ കമ്പനിയായ കെ.എം.സി തുക വകമാറ്റി. ഇതോടെ തിരിച്ചടവ് മുടങ്ങി. പിന്നീട് വായ്പ ലഭിക്കാൻ ദേശീയപാത അതോറിട്ടി ഗാരന്റി നിന്നില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധിയായി. തുരങ്ക നിർമ്മാണത്തിന് കെ.എം.സി ഉപകരാർ നൽകിയ പ്രഗതി എൻജിനിയറിംഗുമായി സാമ്പത്തിക തർക്കമായി. ഒടുവിൽ പ്രഗതിയെ ഒഴിവാക്കി. വൈഷ്ണോവ് ഇൻഫ്രാസ്ട്രക്ച്ചറിനാണ് തുടർനിർമ്മാണത്തിന് പിന്നീട് കെ.എം.സി കരാർ നൽകിയത്. എന്നാൽ നിർമ്മാണം തുടരാനുളള പണം ഇല്ലാതെ വീണ്ടും പ്രതിസന്ധിയിലായി. ദേശീയപാത അതോറിറ്റി ഇടപെടുന്നുമില്ല.
'' കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങൾ തീർത്ത് ഉടൻ നിർമ്മാണം തുടങ്ങാൻ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ പ്രോജക്ട് എൻജിനിയറെ നിയമിച്ചിട്ടുണ്ട്. ''
-നിർമ്മൽ സാഥെ, മുൻ പ്രോജക്ട് എൻജിനിയർ ഇൻ ചാർജ്, ദേശീയപാത അതോറിറ്റി
2009ലെ കരാർ തുക : 165 കോടി രൂപ
നിർമ്മാണം തുടങ്ങിയത്: 2014ൽ
ചെലവായത്: ഇരട്ടിയോളം തുക
നീളം: 945 മീറ്റർ
വീതി 14 മീറ്റർ
ഉയരം 10 മീറ്റർ
രണ്ടും തമ്മിലുള്ള അകലം 20 മീറ്റർ
300, 600 മീറ്ററുകളിൽ പരസ്പരം ബന്ധിപ്പിക്കുന്നു
നിലവിലെ സ്ഥിതി
തൃശൂരിലേക്കുള്ള തുരങ്കം: 570 മീറ്റർ കോൺക്രീറ്റിംഗ്, വൈദ്യുതീകരണം, അഗ്നിസുരക്ഷ ബാക്കി
പാലക്കാട് തുരങ്കം: അഗ്‌നിരക്ഷ, എമർജൻസി ഇടനാഴി, ടെലിഫോൺ ലൈനുകൾ ബാക്കി
'' തുരങ്കം പൂർത്തിയാക്കാത്തതിന്റെ കാരണങ്ങൾ ബോധിപ്പിക്കാൻ എന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാട്ടുകാരുടെ സമരം മൂലം പണി വൈകി കരാർ കമ്പനിക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടായെന്നാണ് ദേശീയ പാത അതോറിട്ടി അറിയിച്ചത്. പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടർന്നായിരുന്നു മറുപടി.
അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്,
കെ.പി.സി.സി സെക്രട്ടറി