മാള: മാളയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ ഐ വിഭാഗം നേതാക്കൾ രാജി ഭീഷണിയുമായി രംഗത്തെത്തി. എ വിഭാഗത്തിനെതിരെ ആഞ്ഞടിച്ചാണ് നേതാക്കൾ രാജിക്കത്ത് നൽകിയത്.

കോൺഗ്രസ് മാള ബ്ലോക്ക് പ്രസിഡന്റിനാണ് രാജിക്കത്ത് കൈമാറിയിട്ടുള്ളതെന്നാണ് സൂചന. ഗ്രൂപ്പ് യോഗം സംഘടിപ്പിച്ച് സമ്മർദ്ദ തന്ത്രങ്ങളുമായി കടുത്ത നിലപാട് സ്വീകരിക്കാനാണ് നീക്കം നടക്കുന്നത്.

കെ.പി.സി.സി നേതൃത്വവുമായി ചർച്ച നടത്താനും ശ്രമം നടക്കുന്നുണ്ട്. കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അടക്കമുള്ള ഐ വിഭാഗമാണ് എ വിഭാഗത്തിനെതിരെ രംഗത്തുള്ളത്. ഐ വിഭാഗത്തിലെ ബ്ലോക്ക് മണ്ഡലം ഭാരവാഹികളും രാജിക്കത്ത് നൽകിയിട്ടുണ്ടെന്നാണ് സൂചന. മാളയിൽ ഏറെക്കാലമായി പാർട്ടി സമരങ്ങളും പരിപാടികളും ചേരിതിരിഞ്ഞാണ് നടത്താറ്.

നിയമസഭയിൽ ഉമ്മൻചാണ്ടിയുടെ സുവർണ ജൂബിലിയുടെ ഭാഗമായുള്ള മാളയിലെ ആഘോഷം ചേരിതിരിഞ്ഞ് അലങ്കോലമാക്കിയതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി. സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടും എ വിഭാഗത്തിനെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് ഐ വിഭാഗം നേതാക്കൾ ഇപ്പോൾ രാജി ഭീഷണി ഉയർത്തിയിരിക്കുന്നത്. മാള ടൗണിൽ ചേരിതിരിഞ്ഞ് ഒരേസമയം ആഘോഷ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ച് ഏറ്റുമുട്ടലിന്റെ വക്കിലെത്തി അലങ്കോലമാക്കിയത് നേതാക്കൾക്ക് മാനഹാനി ഉണ്ടാക്കിയിരുന്നു. ഐ വിഭാഗം നേതാക്കൾ ടി.എൻ പ്രതാപനെതിരെയും രംഗത്ത് വന്നിട്ടുണ്ട്. എം.എൽ.എ ആയിരുന്നപ്പോൾ ഒപ്പം നിന്ന പല നേതാക്കളും കളം മാറി നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

എന്നാൽ ഐ വിഭാഗത്തിനെതിരെ എ വിഭാഗവും പരാതി നൽകിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ നടത്തുന്നതും ഗ്രൂപ്പ് തിരിഞ്ഞാണ്. ഐ വിഭാഗം കടുത്ത നിലപാടുകളുമായി മുന്നോട്ടുപോയാൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കും. എ വിഭാഗവും സമ്മർദ്ദ തന്ത്രങ്ങളുമായി മുന്നോട്ടുപോകാനാണ് സാദ്ധ്യതയുള്ളത്.

ഉമ്മൻചാണ്ടിയുടെ പേരിൽ നടന്ന ആഘോഷ പരിപാടികൾ ബോധപൂർവ്വം അലങ്കോലമാക്കിയത് ഐ വിഭാഗക്കാരാണെന്നും അവർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ലെന്നാണ് എ വിഭാഗക്കാരുടെ ആക്ഷേപം. മാളയിലെ ചേരിപ്പോര് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. ഇരുവിഭാഗങ്ങളും കടുത്ത നടപടികളിലേക്ക് നീങ്ങാതിരിക്കാനും നേതൃത്വം പണിപ്പെടേണ്ടി വരുമെന്നാണ് സൂചന.