 
തൃപ്രയാർ: തീരദേശത്തിന്റെ കായികമേഖലയ്ക്ക് പുത്തനുണർവേകി നാട്ടിക ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഇരുനില കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജിംനേഷ്യത്തിനുള്ള കെട്ടിടവും സ്റ്റോർ മുറിയുമാണ് നിർമ്മിച്ചത്.
ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, ലളിത മോഹൻദാസ്, സുമേഷ് പാനാട്ടിൽ, യു. കെ ഗോപാലൻ, കായികതാരം ആൻസി സോജൻ, പ്രിൻസിപ്പൽ സരിത വി. ജി, പ്രധാനദ്ധ്യാപിക ലിജ സി.പി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
ആദ്യമായാണ് ഒരു സർക്കാർ സ്കൂളിൽ ജിംനേഷ്യം സെന്റർ വരുന്നത്. കായികതാരങ്ങൾക്ക് പരിശീലനം കഴിഞ്ഞ് വിശ്രമിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കായി എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറായതായി ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ പറഞ്ഞു.