gvr-news-photo
ബ്രഹ്മകുളത്ത് ഉദ്ഘാടനം ചെയ്ത ഇ.കെ. നായനാർ ചിൽഡ്രൻസ് പാർക്ക്

ഗുരുവായൂർ: നാടിന്റെ പ്രതിസന്ധികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രശംസനീയമായ ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ. ബ്രഹ്മകുളം ഇ.കെ. നായനാർ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂർ നഗരത്തിന് സമാനതകളില്ലാത്ത മുന്നേറ്റം ഉണ്ടാക്കുവാൻ നിലവിലെ നഗരസഭ ഭരണസമിതിക്ക് സാധ്യമായിട്ടുണ്ട്. പ്രളയകാലത്തും കൊവിഡ് കാലത്തും സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ ഇടപെടലാണ് നഗരസഭ നടത്തിയിട്ടുള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുരളി പെരുനെല്ലി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 62 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ഡോ.രേണുരാജ്, നഗരസഭാ ചെയർപേഴ്‌സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്. ഷെനിൽ, എം.എ. ഷാഹിന, മുൻ വൈസ് ചെയർമാൻ കെ.പി. വിനോദ്, നഗരസഭാ സെക്രട്ടറി എ.എസ്. ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.