aana-salyam

ചാലക്കുടി: മോതിരക്കണ്ണി പീലാർമുഴിയിൽ കാട്ടാനകളിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. നൂറു കണക്കിന് വാഴകളും നിരവധി തെങ്ങുകളുമാണ് കഴിഞ്ഞ രാത്രിയിൽ മലയിറങ്ങിയെത്തിയ ആനകൾ ചവിട്ടി മെതിച്ചത്. ആനകളെ തൊട്ടടുത്തു കണ്ട ഒരു വീട്ടുകാരൻ ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടു. പീലാർമുഴി വെട്ടിക്കുഴി റോഡിലെ പത്തോളം കർഷകരുടെ കൃഷി വിളകളായിരുന്നു ഒറ്റ രാത്രിയിൽ തകർത്തെറിഞ്ഞത്. തട്ടിലാൻ സാബുവിന്റെ അമ്പതോളം വാഴകൾ ഒടിച്ചിട്ടു. നിരവധി ചെറിയ തെങ്ങുകളും പിഴുതെറിഞ്ഞു. തോട്ടം നടത്തുന്ന ഇയാളുടെ നാനൂറ് വാഴകൾ രണ്ടു മാസത്തിനിടയിൽ ആനകളുടെ ആക്രമണത്തിൽ നശിച്ചു. കല്ലുമട തിലകന്റെ വീട്ടുപറമ്പിലെ ഏതാനും വാഴകൾ ആനകൾ നശിപ്പിച്ചു. ശബ്ദം കേട്ടു പുറത്തിറങ്ങിയ തിലകൻ ഇവയുടെ മുന്നിൽ അകപ്പെട്ടു. മോഡംപ്ലാക്കൽ ഷിബു, ചാലപ്പറമ്പൻ രവി, കല്ലുമട കരുണാകരൻ തുടങ്ങിയവരുടെയും വിളകൾ നശിപ്പിച്ചു.

മൂന്നു ആനകളാണ് എത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. പീലാർമുഴി പ്രദേശത്ത് കഴിഞ്ഞ രണ്ടു വർഷമായി കാട്ടാനകളുടെ ശല്യമാണ്. ഈയിടെ രൂക്ഷമായ മൃഗശല്യത്താൽ ജനം നട്ടം തിരിയുകയാണ്. വെട്ടിക്കുഴി റോഡ് വഴിയുള്ള സന്ധ്യവേളകളിലെ ഇരുചക്ര വാഹന യാത്രയിൽ ഇതിനകം പത്തോളം പ്രദേശവാസികൾക്ക് വന്യ മൃഗങ്ങളുടെ ആക്രമണം ഉണ്ടായി. നിരന്തര പരാതിയെ തുടർന്ന് വനംവകുപ്പ് വൈദ്യുതി കമ്പിവേലി സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു. ബി.ഡി ദേവസി എം.എൽ.എ മുൻകൈയെടുത്താണ് ഇതു സാദ്ധ്യമാക്കിയത്. വന്യമൃഗ ശല്യം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനം കൂടാതെ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്ന് പഞ്ചായത്തംഗം ആവശ്യപ്പെട്ടു. ഏറെക്കാലമായി ദുരവസ്ഥയിൽ കഴിയുന്ന ജനങ്ങൾ തങ്ങളുടെ സ്വന്തം സ്ഥലങ്ങളിലൂടെ റോഡ് നിർമ്മിക്കാൻ ഒരുങ്ങുകയാണ്. കുറ്റിച്ചിറയിലേയ്്ക്കുള്ള റോഡ് സുരക്ഷിതമായിരിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത്് പ്രസിഡന്റ്് ജെനീഷ് പി. ജോസ്, പഞ്ചായത്തംഗം ജിപ്‌സി ജെറ്റ്സ് എന്നിവർ സ്ഥലത്തെത്തി.


" കർഷകരുടെ അടിയന്തര പ്രശ്‌നം പരിഹരിക്കുന്നതിന് വനം വകുപ്പ് കർമ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. കർഷകരുടെ നഷ്ടം നികത്താൻ കൃഷിവകുപ്പ് തയ്യാറാകണം.


ജെനീഷ് പി. ജോസ്.
പഞ്ചായത്ത് പ്രസിഡന്റ്


" തൊട്ടടുത്തു നിന്ന ആനകളിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. ഉള്ളിൽ ഭീതിയുമായാണ് ഓരോ രാത്രിയും കഴിച്ചു കൂട്ടുന്നത്.


കല്ലുമട തിലകൻ
നാട്ടുകാരൻ