
തൃശൂർ: കഞ്ചാവ് കേസ് പ്രതി ഷെമീർ മരിച്ചത് ശരീരത്തിലുണ്ടായ മുറിവുകളാലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ തലയ്‌ക്കേറ്റ ക്ഷതം വടി പോലുള്ളവ ഉപയോഗിച്ചുള്ള മർദ്ദനം മൂലമാണെന്നാണ് റിപ്പോർട്ടിലുള്ളത്.
ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലും പൊട്ടിയിട്ടുണ്ട്. ശരീരത്ത് 40 ലേറെ മുറിവുകളുണ്ട്. ദേഹമാസകലം രക്തം കട്ടയായി. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്നു പോയിട്ടുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉള്ളത്.
പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതി പട്ടിക തയ്യാറാക്കുമെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ എ.സി.പി വി.കെ രാജു പറഞ്ഞു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്ത ശേഷം മാത്രമേ കൃത്യത്തിൽ ആരൊക്കെ ഉൾപ്പെട്ടൂവെന്ന് തീരുമാനിക്കൂ. ഇതിന് പുറമേ മജിസ്‌ട്രേറ്റിന് മുന്നിൽ ഷമീറിന്റെ കൂട്ടുപ്രതികൾ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ കൂടി ലഭിച്ച ശേഷമേ അന്വേഷണം ആരംഭിക്കുകയുള്ളൂ. ഷമീറിന്റെ ഭാര്യ സുമയ്യയടക്കം മൂന്നു പേരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അരൂൺ, അസി. പ്രിസൺ ഓഫീസർ രമേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ ജാഗ്രത കുറവ് കാട്ടിയതിന് ജയിൽ സൂപ്രണ്ട് രാജു എബ്രാഹാമിനെയും സസ്‌പെൻഡ് ചെയ്തിരുന്നു.
ഒരാഴ്ച്ച മുമ്പാണ് ഷെമീർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. തൃശൂർ ശക്തൻ സ്റ്റാൻഡിൽ വച്ചാണ് ഈസ്റ്റ് പൊലീസ് ഷമീറിനെ അറസ്റ്റ് ചെയ്തത്. റിമാൻഡിലിരിക്കെ അപസ്മാരം അനുഭവപ്പെട്ട ഷെമിറിനെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇതിനായി പോകുന്നതിനിടെ ഷെമീർ രക്ഷപ്പെടാൻ ശ്രമിച്ചതായി പറയുന്നു. ഉടൻ തന്നെ പിടികൂടി ജയിൽ ജീപ്പിൽ കയറ്റി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനു മുൻപ് റിമാൻഡ് തടവുകാരെ പാർപ്പിക്കുന്ന കൊവിഡ് കെയർ സെന്ററിൽ കൊണ്ട് ചെല്ലുകയായിരുന്നു. ഇവിടെ വച്ചാണ് മർദ്ദനമേറ്റതെന്നാണ് ആരോപണം.
ജയിൽ കസ്റ്റഡി മരണം : അറസ്റ്റിലേക്ക് പൊലീസ്
തൃശൂർ: : കഞ്ചാവ് കേസിലെ പ്രതി ജയിൽ നിരീക്ഷണ കേന്ദ്രത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പൊലീസിൻ്റെ പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. മർദ്ദനമേറ്റ് മരിച്ച ഷെമീറിനോടൊപ്പമുണ്ടായിരുന്ന പ്രതി റിയാസിൻ്റെ മൊഴിയും മജിസ്ട്രേട്ടിന്റെ ചേംബറിൽ വെള്ളിയാഴ്ച നടത്തി.
ഇതോടെ മജിസ്ട്രേട്ട് നേരിട്ട് രേഖപ്പെടുത്തിയ സാക്ഷി മൊഴിയുടെ പകർപ്പിനായി അപേക്ഷ നൽകി. ജയിൽ ജീവനക്കാരുടെ അറസ്റ്റിലേക്കാണ് നീക്കം. കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ സുമയ്യ, കൂട്ടുപ്രതികളായ റിയാസ്, ജാഫർഖാൻ എന്നിവരുടെ മൊഴികളാണ് മജിസ്ട്രേട്ട് നേരിട്ട് രേഖപ്പെടുത്തിയത്. ഷെമീറിനൊപ്പം പിടിയിലായ ഇവർ ജയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയവേയാണ് ഷെമീർ മരിച്ചത്. ഇവരെ സാക്ഷികളാക്കിയാണ് മൊഴിയെടുത്തത്. മർദ്ദനം നടന്ന ദിവസങ്ങളിൽ കൊവിഡ് കേന്ദ്രത്തിലുണ്ടായിരുന്ന ഇരുപതോളം പേരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസിൽ അഞ്ച് ജയിൽ ഉദ്യേഗസ്ഥരെയാണ് പ്രതി ചേർത്തിരിക്കുന്നത്. അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ മൂന്നാം ദിവസവും ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യും.