ചാലക്കുടി: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിലെ നാഴികക്കല്ലുകളാണ് കിഫ്ബിയെന്ന് മന്ത്രി ജി.സുധാകരൻ. ചാലക്കുടി ആനമല റോഡിന്റെ മൂന്നാം ഘട്ടം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ബി.എം.ബി.സി ടാറിംഗ് നടത്തുന്ന പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബഡ്ജറ്റിന് പുറത്തുള്ള കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവർത്തനങ്ങൾ കാൽനൂറ്റാണ്ടിന് ശേഷമുള്ള വികസനമാണ് സംസ്ഥാനത്തുണ്ടാക്കിയത്. കേരളത്തിൽ ഇത്രയേറെ വികസന പ്രവർത്തനങ്ങൾ നടന്ന മറ്റൊരു മണ്ഡലം ഉണ്ടെന്ന് തോന്നുന്നില്ല. ബി.ഡി. ദേവസിയുടെ കഠിന പ്രയത്നമാണ് ഇതിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിരപ്പിള്ളി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, വൈസ് പ്രസിഡന്റ് കെ. കുറുപ്പ സ്വാമി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, പഞ്ചായത്തംഗങ്ങൾ, എക്‌സി.എൻജിനിയർ പി.ജി. ബിജി തുടങ്ങിയവർ പ്രസംഗിച്ചു.

..............................

റോഡുകൾ ബി.എം.ബി.സി ടാറിംഗ് നിലവാരത്തിൽ

ചാലക്കുടി ആനമല റോഡിന്റെ പുനഃർനിർമ്മാണം പൂർത്തിയാകുന്നതോടെ നിയോജക മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി ടാറിംഗ് നിലവാരത്തിലെത്തും. കിഫ്ബി ഫണ്ടിൽ നിന്നും 28 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. 56 മുതൽ 88 കിലോ മീറ്റർ വരെയുള്ള റോഡിന് 4.20 മീറ്റർ വീതിയുണ്ടാകും. എട്ടുകലങ്കുകൾ പുതുക്കി പണിയും. 1500 മീറ്റർ സുരക്ഷാഭിത്തിയും 301 മീറ്റർ പാർശ്വഭിത്തിയും നിർമ്മിക്കും. ആറു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കും. കിഫ്ബി ഫണ്ടു ഉപയോഗിച്ച് ഇതുവരെ 216 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികളാണ് ചാലക്കുടിയിൽ നടന്നത്.