പുതുക്കാട്: കൊവിഡ് ബാധിതർക്ക് പുതുക്കാട് പഞ്ചായത്തിൽ സാംസ്‌കാരിക നിലയങ്ങൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ താത്കാലിക താമസ സൗകര്യമൊരുക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികളിൽ കിടക്കയും രോഗികളെ കൊണ്ടുപോകാൻ ആംബുലൻസും ലഭിക്കാൻ വൈകുന്ന സാഹചര്യത്തിലാണ് താമസമൊരുക്കാൻ തീരുമാനിച്ചത്. കൊവിഡ് ചികിത്സക്കായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും വരെയാണ് താമസ സൗകര്യം ഒരുക്കുന്നത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചേർന്ന വാർഡ്തല റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗത്തിന്റേതാണ് തീരുമാനം.
ആദ്യം ഒമ്പതാം വാർഡിലാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരെ നിലവിൽ രണ്ടോ മൂന്നോ ദിവസം താമസിച്ചാണ് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ഈ സമയം വീടുകളിൽ കഴിയാൻ സൗകര്യമില്ലാത്തവരെ താമസിപ്പിക്കാനാണ് സൗകര്യമൊരുക്കുന്നത്. രോഗികൾക്ക് ടെലി മെഡിസിൻ സൗകര്യവുമൊരുക്കും. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, പഞ്ചായത്തംഗം ഗീത സുകുമാരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ, ആർ.ആർ.ടി അംഗങ്ങളായ പി.സി സുബ്രൻ, നിർമ്മൽകുമാർ തോട്ടത്തിൽ, ആശാ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.