
തൃശൂർ:കൂട്ടുകാരോട് മിണ്ടാനും പറയാനും പറ്റില്ല, കളിക്കാൻ പറ്റില്ല. ക്ളാസിൽ പറയുന്നത് മനസ്സിലാക്കുന്നതിനും പരിമിതി.ഇങ്ങനെ പോകുന്ന ഓൺലൈൻ ക്ലാസുകളോട് കുട്ടികൾക്ക് വിരക്തി ആയിത്തുടങ്ങിയെന്ന് അദ്ധ്യാപകരുടെ വെളിപ്പെടുത്തൽ. കുട്ടികളിൽ കൂടുതൽ പേർ ക്ലാസുകളിൽ നിന്നും ഉൾവലിയുകയാണ്. സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങുന്നതിന് രക്ഷിതാക്കളോട് അനുമതി നൽകാൻ കുട്ടികളിൽ പലരും രക്ഷിതാക്കളോട് ആവശ്യപ്പെടുന്നതായി അദ്ധ്യാപകരും വ്യക്തമാക്കുന്നു. ഒരേ ശൈലിയിൽ ആവർത്തന വിരസത ഉണ്ടാക്കുന്നതിനാൽ വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസ് കൂട്ടികൾക്ക് മടുത്തതായി രക്ഷിതാക്കൾ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് തന്നെ ക്ലാസുകൾ പിന്നീട് കാണുന്ന രീതിയാണ് പല കുട്ടികളും സ്വീകരിക്കുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള കുട്ടികളിൽ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായമാണിത്. ചെറിയ ക്ലാസുകളിലെ കുട്ടികൾ മടുപ്പ് മാറ്റുന്നതിന് യൂണിഫോം ധരിച്ച് പുസ്തകബാഗുമായി ടി.വിക്ക് മുന്നിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വരെ പങ്കുവെക്കപ്പെടുന്നുണ്ട്. ക്ലാസുകളിൽ അൽപ്പമെങ്കിലും ഗൗരവകരമായി നടക്കുന്നത് പത്തിലെയും പ്ലസ്ടുവിന്റെതുമാണ്. രണ്ടു വിഭാഗത്തിലും പൊതു പരീക്ഷ ഉള്ളതിനാൽ ട്യൂഷനെ ആശ്രയിക്കുന്നവരും ഏറെയാണ്. എന്നാൽ ട്യൂഷനും ഓൺലൈൻ ആയതിനാൽ കുട്ടികൾക്ക് ദഹിക്കുന്നില്ല.
ഊഴംവെച്ച് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുള്ള പദ്ധതി സമ്പർക്കരോഗം കൂടുന്ന സാഹചര്യത്തിൽ ഈ വർഷം സ്കൂൾ തുറക്കുന്നത് നടക്കുമോ എന്ന ചോദ്യം അദ്ധ്യാപകരിലും ഉയരുന്നുണ്ട്. അതേസമയം, കൊവിഡ് സമ്പർക്ക വ്യാപനം വല്ലാതെ കൂടുന്ന സാഹചര്യത്തിൽ പാഠഭാഗങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് ഇതല്ലാതെ മാർഗങ്ങളില്ലെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ വാദം.
കുട്ടികൾ സമ്മർദ്ദത്തിൽ
ഒരു ഭാഗത്ത് ഓൺലൈൻ ക്ലാസുകളും മറുഭാഗത്ത് പുറത്തുപോകാനാവാത്ത സാഹചര്യവും വന്നതോടെ കുട്ടികൾ ഏറെ സമ്മർദ്ദത്തിലാണ്. എപ്രിൽ മുതൽ കുട്ടികളുടെ ലോകം വീടുകളിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അടുത്ത ബന്ധുവീടുകളിൽ പോലും പോവാനാവാത്ത സാഹചര്യമാണ് അവർക്കുള്ളത്. അദ്ധ്യാപകരുടെ ശൈലി മാറാതെ ക്ലാസുകൾ രസകരമാവില്ലെന്ന് കുട്ടികൾ പറയുമ്പോൾ കുട്ടികളുടെ സാഹചര്യം മനസിലാക്കി ക്ലാസ്‌മുറികളിൽ പ്രയോഗിക്കാനാവുന്ന തന്ത്രങ്ങൾ ഓൺലൈനിൽ പയറ്റാനാവില്ലെന്നാണ് അദ്ധ്യാപകരുടെ പക്ഷം.