
തൃശൂർ: നിർമ്മാണ പ്രവർത്തനം മുടങ്ങിക്കിടക്കുന്നതും സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയുമായ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ അപകടം ഒഴിവാക്കാനും അക്രമസംഭവങ്ങളിൽ പ്രതികളെ ഉടനെ കണ്ടെത്താനുമായി ആധുനികസൗകര്യങ്ങളോടെയുള്ള കാമറ സ്ഥാപിക്കാൻ ശ്രമം തുടങ്ങി.
മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാമറ സ്ഥാപിച്ചതോടെ അക്രമസംഭവങ്ങൾ കുറയ്ക്കാനും അമിതവേഗത കണ്ടെത്താനും കഴിഞ്ഞിരുന്നു. റെസിഡൻഷ്യൽ പ്രദേശങ്ങളിലും കാമറ കൂടുതലായി സ്ഥാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ കാമറകൾ ഒല്ലൂർ, പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേശീയപാതയിലും സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനുള്ള പ്രാഥമിക നടപടിക്രമം തുടങ്ങിക്കഴിഞ്ഞു.
അമിത വേഗം നിരീക്ഷിക്കാൻ 38 കാമറകൾ മുമ്പ് ദേശീയപാതയിൽ സ്ഥാപിച്ചിരുന്നു. എന്നിട്ടും 17 ലക്ഷം വാഹനങ്ങൾക്ക് പിഴ അടക്കേണ്ടി വന്നിരുന്നു. കാമറ പ്രവർത്തിക്കാതിരുന്നതും കേസന്വേഷങ്ങൾ അടക്കമുള്ളവയ്ക്ക് തടസമുണ്ടാക്കുന്നതായും വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ, കാമറ സ്ഥാപിച്ച രണ്ട് സ്ഥലങ്ങൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കണക്കാക്കി അമിതവേഗത നിശ്ചയിക്കാനാവും. അങ്ങനെ അപകടങ്ങളുടെ കൃത്യമായ കാരണം കണ്ടെത്താനും കേസെടുക്കാനും ശിക്ഷ ഉറപ്പാക്കാനുമാകും.
കേരളത്തിൽ നിർമ്മിക്കുന്ന ആദ്യ ആറുവരിപ്പാതയായിട്ടും വേണ്ടത്ര കാമറകളും അടിപ്പാതകളും സിഗ്‌നൽ ലൈറ്റുകളും സ്ഥാപിക്കാത്തത് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇടപെടാത്തത് കൊണ്ടാണെന്ന ആക്ഷേപം തുടക്കം മുതലേ ശക്തമാണ്. കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകളും പാതയിൽ വരുന്നതോടെ രാത്രികാല യാത്രകളിലെ അസൗകര്യങ്ങളും ആശങ്കകളും ഒരു പരിധിവരെ ഒഴിവാകും.
മണ്ണുത്തി – വടക്കഞ്ചേരി ദേശീയ പാത ഒറ്റനോട്ടത്തിൽ
'' കുഞ്ഞനംപാറം മുതൽ വാണിയമ്പാറ വരെ ദേശീയപാതയിൽ കൂടുതൽ കാമറകൾ സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ഇടവഴികളിലും കാമറകൾ സ്ഥാപിക്കും. ഇതോടെ അമിത വേഗത കണ്ടെത്താനും അക്രമങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയാനും കഴിയും .
അഡ്വ.കെ. രാജൻ
ഗവ.ചീഫ് വിപ്പ്
'' ദേശീയപാതയിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുന്നത് അക്രമങ്ങളും അപകടങ്ങളും കുറയ്ക്കാൻ വലിയ സഹായമാകും. 90 ശതമാനം അപകടങ്ങളും അമിതവേഗത കൊണ്ടാണ് സംഭവിക്കുന്നത്.
ശശിധരൻ പിള്ള
മണ്ണുത്തി സി.ഐ.