
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ പണി വൈകിയത് നാട്ടുകാരുടെ സമരം മൂലം കരാർ കമ്പനിക്ക് സാമ്പത്തിക ബാദ്ധ്യത ആയതിനാലാണെന്ന് ആരോപിച്ച ദേശീയപാത അതോറിറ്റി, കുതിരാൻ തുരങ്ക നിർമ്മാണത്തിലെ കാലതാമസത്തിലും സർക്കാരിനെ പഴിചാരുന്നു. തുരങ്ക നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തത് സംസ്ഥാന സർക്കാർ, വനഭൂമിക്ക് തത്തുല്യമായ ഭൂമി വനംവകുപ്പിന് വിട്ടു കൊടുക്കാത്തതിനാലാണെന്നാണ് ആരോപണം.
അതേസമയം, സംസ്ഥാന സർക്കാരിൻ്റെ നടപടിക്രമം എല്ലാം പൂർത്തിയായിട്ടുണ്ടെന്നാണ് എം.എൽ.എയുടെ വിശദീകരണം. ഭൂമി ഏറ്റെടുക്കുന്നതിനുള്ള അപേക്ഷയുടെ ആദ്യഘട്ടത്തിന്റെ അനുമതി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം 20 ലേറെ നിബന്ധന പ്രകാരം അനുവദിച്ചതായി പറയുന്നു. സർക്കാർ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി ഇതുവരെ കണ്ടെത്താത്തത് മൂലമാണ് ആദ്യഘട്ടനടപടി പൂർത്തിയാക്കാൻ സാധിക്കാത്തതെന്നും ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ട അനുമതി ലഭിച്ച് ഒരു വർഷത്തിനുള്ളിൽ വനഭൂമിക്ക് പകരം സ്ഥലം കണ്ടെത്തി ഒരു വർഷത്തിനകം ഭൂമി വനംവകുപ്പിലേക്ക് മാറ്റി പോക്കുവരവ് നടത്തിയാൽ മാത്രമേ രണ്ടാംഘട്ട അനുമതിക്ക് അപേക്ഷിക്കാൻ പറ്റുകയുളളൂവെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ വ്യക്തമാക്കി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, അഡ്വ. കെ.ബി ഗംഗേഷ് മുഖാന്തരം സമർപ്പിച്ച കേസിലാണ് മറുപടി.
30 ന് പരിഗണിക്കും
കേന്ദ്ര മന്ത്രാലയത്തിൻ്റെ അനുമതി ജനുവരി 31നും നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ അനുമതി ജൂലായ് മൂന്നിനും ലഭിച്ചിട്ട് പോലും ഒരു വർഷത്തിനുള്ളിൽ ചെയ്യേണ്ട പണി നടത്താനുള്ള അനുമതി ഈ മാസം ആറിന് മാത്രമാണ് കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് കൊടുത്തിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. ദേശീയപാത അതോറിറ്റിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ കളക്ടറെയും പീച്ചി വൈൽഡ് ലൈഫ് വാർഡനെയും കക്ഷി ചേർക്കാനായി കേസ് 30 ന് പരിഗണിക്കും. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ പണിയും കുതിരാൻ തുരങ്കവും പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റിയോടും കരാർ കമ്പനിയോടും നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
മണ്ണ് നീക്കാത്തതിലും ന്യായീകരണം
കുതിരാൻ തുരങ്കത്തിലെ രണ്ട് ഭാഗത്തെയും പാറക്കെട്ടുകളും മണ്ണും നീക്കാൻ ദുരന്ത നിവാരണവകുപ്പ് പ്രകാരം 2018 ൽ കളക്ടർ ഉത്തരവിട്ടിരുന്നു. കളക്ടർക്ക് വനഭൂമിയിലെ പാറക്കെട്ടുകളും മണ്ണും പൊളിച്ച് മാറ്റാനുള്ള ഉത്തരവിടാൻ കഴിയില്ലെന്നും ചീഫ് സെക്രട്ടറിക്ക് മാത്രമാണ് അധികാരം ഉള്ളതെന്നും കാണിച്ച് വനം വകുപ്പ് മറുപടി തന്നതിനാൽ മണ്ണും കല്ലും മാറ്റാൻ സാധിച്ചില്ലെന്നും ദേശീയപാത അതോറിറ്റി പരാതിപ്പെട്ടു.
'' സംസ്ഥാന സർക്കാർ ഭൂമി കൈമാറാൻ എല്ലാ അനുമതിയും നൽകിയതാണ്. 2018 ലെ പ്രളയത്തിന് പിന്നാലെ മണ്ണിടിച്ചിലുണ്ടായപ്പോഴാണ് ആ ഭാഗത്തെ ഭൂമിയും നൽകണമെന്ന് അറിയിച്ചത്. അതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും തമ്മിലുള്ള ഇടപാടുകൾ സുതാര്യമല്ല. തുരങ്കത്തിനുള്ളിൽ ഇനിയും നിരവധി നിർമ്മാണ പ്രവർത്തനം നടത്തേണ്ടതുണ്ട്. അത് ചെയ്യാതെ ഭൂമി വിട്ടുകൊടുക്കുന്നില്ലെന്ന് പറഞ്ഞ് നിർമ്മാണം നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം.
അഡ്വ.കെ. രാജൻ, ഗവ. ചീഫ് വിപ്പ്.