
തൃശൂർ: ഒന്നാം ഭാഷയായും രണ്ടാം ഭാഷയായും സംസ്കൃതം പഠിപ്പിക്കുന്ന ഓറിയന്റൽ പദവിയുള്ള സ്കൂളിൽ ഇല്ലാത്ത ഉത്തരവിൻ്റെ പേര് പറഞ്ഞ് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിറുത്തലാക്കാൻ നീക്കം. 1925ൽ നിർമ്മിച്ച രാജാ സർ രാമവർമ്മ വേലൂരിലെ ഗവ. ആര്‍.എസ്.ആര്‍.വി.എച്ച്.എസ്.എസിലാണ് അധികൃതർ സംസ്കൃത പഠനത്തെ അട്ടിമറിക്കാൻ ഒരുങ്ങുന്നതായി ആരോപണമുയരുന്നത്. കഴിഞ്ഞ വർഷം സംസ്കൃതം പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ എണ്ണം തെറ്റായി കാണിക്കുകയും യു.പി വിഭാഗത്തിലെ സംസ്കൃതാദ്ധ്യാപികയുടെ തസ്തിക തന്നെ ഇല്ലാതാക്കുകയും ചെയ്തതായാണ് പരാതി. യു.പിയിൽ പഠിക്കാൻ മിടുക്കരായവർക്ക് ഗവ. ഓറിയന്റൽ സ്കോളർഷിപ്പ് നൽകുന്നുണ്ട്. ഈ പദവി എടുത്തു കളഞ്ഞാൽ സ്കോളർഷിപ്പ് ഇല്ലാതാകും. കാലങ്ങളായി ഓറിയന്റൽ സ്കൂളിന് നൽകുന്ന സ്കോളർഷിപ്പ് സ്കൂൾ അധികൃതർ വാങ്ങുകയും ചെയ്യുന്നുണ്ട്. സംസ്കൃത ഭാഷയുടെ പരിപോഷണത്തിനായി സർക്കാർ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് സ്കൂളുകളിലെ ഓറിയന്റൽ വിഭാഗം. നിലവിൽ കേരളത്തിലെ 34 ഓറിയന്റൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
വേലൂർ സ്കൂളിലെ യു.പി വിഭാഗം ഓറിയന്റൽ വിദ്യാലയമായി പ്രവർത്തിച്ച് വരികയാണ്. യു.പി വിഭാഗത്തിൽ ഒന്നാം ഭാഷയും പാർട്ട് രണ്ടും സംസ്കൃതമാണ്. 2018- 2019 അദ്ധ്യയന വർഷം വരെ ഇതേ രീതിയിൽ തുടർന്നു. വിദ്യാഭ്യാസ വകുപ്പിൻ്റെ രേഖകളിൽ ഇപ്പോഴും ഗവ. ആർ.എസ്.ആര്‍.വി.എച്ച്.എസ്.എസിലെ യു.പി വിഭാഗം ഓറിയന്റൽ തന്നെയാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സംസ്കൃത പഠനത്തെ അട്ടിമറിക്കാനുളള ശ്രമം നടത്തുകയായിരുന്നുവെന്ന് സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ ആരോപിക്കുന്നു.
'' ഈ വിഷയം ശ്രദ്ധയിൽ പെട്ടിട്ടില്ല. പരാതി സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കും.
എൻ. ഗീത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
'' വേലൂർ സ്കൂളിലെ മേലധികാരികൾ വളരെ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നത്. ഇല്ലാത്ത ഓർഡറിൻ്റെ പേര് പറഞ്ഞ് നിർദ്ധന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചതിക്കുകയാണ്. ഈ വിദ്യാലയത്തിൽ എന്തുമാകാമെന്ന നിലപാട് അനുവദിക്കാനാവില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ നടത്തും. സംസ്കൃത പ്രേമികളും നാട്ടുകാരും ഒപ്പമുണ്ട്.
കെ.ആർ ജയദേവൻ, ജില്ലാ സെക്രട്ടറി
സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ