മാള: കേരള ഫീഡ്സിലെ സ്ഥിരം ജീവനക്കാരുടെ പ്രമോഷൻ ചട്ടങ്ങളും ശമ്പള പരിഷ്കരണവും മാനേജ്‌മെന്റ് ഒപ്പ് വച്ചിട്ട് ഇതുവരെയും സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരത്തിലേക്ക്. ഡയറക്ടർ ബോർഡ് അംഗീകാരം നൽകി അഞ്ച് വർഷമായിട്ടും നടപടിയുണ്ടായിട്ടില്ല. യഥാസമയം ഓഡിറ്റ് നടക്കാത്തതാണ് ശമ്പള പരിഷ്കരണത്തിന് തടസമായി ചൂണ്ടിക്കാണിക്കുന്നത്. 2015ൽ ഒപ്പുവച്ച സ്ഥാനക്കയറ്റ നിയമനം നടപ്പിൽ വരുത്താത്തത് ഉയർന്ന പോസ്റ്റുകളിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പകരം ക്രമവിരുദ്ധ നിയമനം നടത്താനായാണെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ തന്നെ ഫയലുകൾ നിരവധി തവണ സെക്രട്ടേറിയേറ്റിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ ആക്ഷേപം. നിരവധി സമരം നടത്തിയിട്ടും സർക്കാർ പരിഗണന ലഭിക്കാത്തതിൽ യൂണിയനുകൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. 20ന് കമ്പനിക്ക് മുന്നിൽ രാവിലെ മുതൽ രാത്രി വരെ നടത്തുന്ന നിരാഹാര സമരത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഡേവിസ് അദ്ധ്യക്ഷനാകും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ് അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും.