
മാള: കൊവിഡ് മഹാമാരി ഒഴിഞ്ഞ് ശാന്തിയും സമാധാനവും നൽകണേയെന്ന പ്രാർത്ഥനയുമായി പൂപ്പത്തിൽ വാരിക്കാട്ട് മഠത്തിൽ നിന്ന് വി.കെ ജയരാജ് പോറ്റി ശബരിമലയിൽ മേൽശാന്തിയാകും. മാളയ്ക്കടുത്ത് പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ പരേതരായ കൃഷ്ണൻ എമ്പ്രാന്തിരിയുടെയും ലക്ഷ്മി അന്തർജ്ജനത്തിന്റെയും ഇളയ മകനായ ജയരാജ് പോറ്റിയുടെ ഏറെക്കാലമായുള്ള പ്രാർത്ഥനയാണ് ശബരിമല അയ്യപ്പനെ പൂജിക്കുകയെന്നത്. 2005 - 2006 വർഷത്തിൽ മാളികപ്പുറം മേൽശാന്തിയായിരുന്നപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു തൊട്ടടുത്തുള്ള ശബരിമല ശാസ്താവിനെ പൂജിക്കുകയെന്നത്. അടുത്ത ദിവസം ശബരിമലയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പ് നടക്കുമ്പോൾ വീട്ടിലായിരുന്ന അദ്ദേഹം 8.30 ഓടെ ആളൂർ നാറാണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോയി. നിലവിൽ ഈ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
അമ്മയില്ലെന്ന സങ്കടത്തിൽ ജയരാജ് പോറ്റി
ആഗ്രഹം സഫലമായപ്പോൾ കാണാൻ അമ്മയില്ലെന്ന സങ്കടത്തിൽ വി.കെ ജയരാജ് പോറ്റി. മകൻ ശബരിമല മേൽശാന്തിയായി കാണണമെന്ന ആഗ്രഹം സഫലമാകാതെയാണ് കഴിഞ്ഞ ഏപ്രിലിൽ അമ്മ ലക്ഷ്മി അന്തർജ്ജനം യാത്രയായത്. അമ്മയുടെ ആഗ്രഹം സഫലമായതിന്റെ സന്തോഷവും ഒപ്പം നഷ്ടവും ജയരാജ് പോറ്റിക്കും കുടുംബത്തിനുമുണ്ട്. മാളികപ്പുറം മേൽശാന്തിയായപ്പോൾ മുതൽ അമ്മയുടെ ആഗ്രഹമായിരുന്നു ശബരിമലയിൽ പൂജിക്കാനുള്ള ഭാഗ്യം ലഭിക്കണേയെന്ന്. 2005-2006 വർഷത്തിലാണ് മാളികപ്പുറം മേൽശാന്തിയായത്. അച്ഛൻ കൃഷ്ണൻ എമ്പ്രാന്തിരി കൊച്ചിൻ ദേവസ്വം ബോർഡിലെ ഐരാണിക്കുളം മഹദേവ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. അച്ഛനിൽ നിന്നാണ് പൂജാവിധികൾ പഠിച്ചത്. മികച്ചൊരു ജ്യോതിഷിയുമാണ് ജയരാജ്. ജ്യേഷ്ഠ സഹോദരൻ മോഹനൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഭാര്യ : ഉമാദേവി. മക്കൾ : ആനന്ദ് കൃഷ്ണൻ (ബി.എസ്.സി വിദ്യാർത്ഥി), അർജ്ജുൻ കൃഷ്ണൻ (പ്ലസ് വൺ വിദ്യാർത്ഥി).
"ശബരിമല തീർത്ഥാടനം മാത്രമല്ല അതിനേക്കാളുപരി ജനങ്ങളുടെ ജീവിതം നിശ്ചലമായ അവസ്ഥയാണുള്ളത്. കഴിഞ്ഞ 12 വർഷമായി ഈയൊരു നിയോഗത്തിനായി അപേക്ഷിക്കുന്നു. ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. നറുക്കെടുപ്പിൽ ആദ്യ എട്ട് പേർക്കും മേൽശാന്തി നറുക്ക് ലഭിക്കാതെ അവസാനത്തെ ആളായ തനിക്ക് നിയോഗം ലഭിച്ചത് ഭഗവാൻ അയ്യപ്പന്റെ കടാക്ഷമായി കരുതുന്നു
വി.കെ ജയരാജ് പോറ്റി
ഗ്രാമത്തിനാകെ ലഭിച്ച നിയോഗം
മാള: പൂപ്പത്തിക്കാരുടെ രാജു സ്വാമി ശബരിമല മേൽശാന്തിയാകുന്നത് ഗ്രാമത്തിനാകെ ലഭിച്ച നിയോഗമായി മാറി. നാട്ടുകാർ ഏറെക്കാലമായി രാജു സ്വാമി എന്നാണ് വി.കെ ജയരാജ് പോറ്റിയെ വിളിക്കുന്നത്. കലാ-കായിക, സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്. അതുകൊണ്ടുതന്നെയാണ് പൂപ്പത്തിക്കാർക്ക് രാജു സ്വാമിയോട് ഏറെ പ്രിയമുള്ളതും. പൂപ്പത്തി സോയൂസ് സ്റ്റാർ സോക്കർ ഫെസ്റ്റിലും ആദ്യാവസാനം സജീവമായിരുന്നു. ജാതിമത ഭേദമെന്യേ എല്ലാവരുമായി സൗഹൃദം പുലർത്തുന്ന വ്യക്തിത്വമാണ്. ഐരാണിക്കുളം സർക്കാർ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ ഉണ്ടായിരുന്ന സൗഹൃദം ഇന്നും നിലനിറുത്തുന്നു. നാട്ടിലെ എല്ലാ ആഘോഷ പരിപാടികളിലും രാജു സ്വാമിയുടെ സാന്നിദ്ധ്യം പ്രകടമാണ്. മതേതര സ്വഭാവത്തോടെയുള്ള ആളൂർ നാറാണത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാണ് വി.കെ ജയരാജ് പോറ്റി അയ്യപ്പനെ പൂജിക്കാൻ ഇറങ്ങുന്നത്.