
തൃശൂർ: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സർവീസിന്റെ ഉദ്ഘാടനം 19 ന് വൈകീട്ട് 4 ന് ഗവ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിക്കും. കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെ ഉദ്ദേശിച്ചാണ് കെ.എസ്.ആർ.ടി.സി 'ബോണ്ട്' (ബസ് ഓൺ ഡിമാൻഡ് ) പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ, തൃപ്രയാർ, അയ്യന്തോൾ വഴി തൃശൂർ റൂട്ടിലാണ് ആദ്യ സർവീസ്. രാവിലെ 8.30 ന് കൊടുങ്ങല്ലൂരിൽ നിന്ന് ബസ് സർവ്വീസ് തുടങ്ങും. 9.50 ന് ബസ് അയ്യന്തോളിലെത്തും. വൈകിട്ട് 5 ന് ബസ് തൃശൂരിൽ നിന്നും തിരിക്കും. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂർ, ചാലക്കുടി, മാള, തൃപ്രയാർ, ഷൊർണൂർ എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിത്യേന യാത്ര ചെയ്യുന്നവരെ ലക്ഷ്യം വെച്ചാണ് ഈ നോൺ സ്റ്റോപ്പ് സർവീസ്. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് അവരുടെ ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ സുരക്ഷിതമായി പാർക്ക് ചെയ്യാനും സൗകര്യവുമുണ്ട്. ഡിപ്പോയിൽ നിന്ന് ഈ സർവീസുകളിൽ യാത്ര ചെയ്യുന്നതിനായി 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് ബോണ്ട് ടിക്കറ്റുകൾ മുൻകൂട്ടി കൈപ്പറ്റാം. ഇതിനുള്ള രജിസ്ട്രേഷൻ തൃശൂർ യൂണിറ്റിൽ ലഭ്യമാണ്.
ദേവസ്വം ഭരണസമിതിയിലെ
ഒഴിവുള്ള സ്ഥാനത്തേക്കുള്ള നിയമനം ഉടൻ
ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥാനത്തേക്കുള്ള അംഗത്തെ സർക്കാർ ഉടൻ പ്രഖ്യാപിക്കും. ഭരണസമിതിയിലെ എൻ.സി.പി പ്രതിനിധിയുടെ ഒഴിവാണ് നികത്തുന്നത്. പുതിയ ഭരണസമിതി നിലവില്‍ വന്നിട്ട് പത്തുമാസം ആകാനിരിക്കേയാണ് എന്‍.സി.പി.യുടെ പുതിയ അംഗത്തെ സംസ്ഥാന കമ്മറ്റി നിയോഗിക്കുന്നത്. സംസ്ഥാന കമ്മറ്റിയംഗവും ഗുരുവായൂര്‍ സ്വദേശിയുമായ അഡ്വ. കെ.വി. മോഹനകൃഷ്ണനെയാണ് ഭരണസമിതിയിലേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. ദേവസ്വം ഭരണസമിതിയംഗമായി സംസ്ഥാന നേതാക്കളായ പലരേയും നേരത്തെ എന്‍.സി.പി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ, എതിര്‍പ്പുമൂലം നടന്നില്ല. എന്‍.സി.പി മുന്നോട്ടുവെച്ചിരുന്ന പേര് സി.പി.എം അംഗീകരിച്ചതുമില്ല. ഇതേത്തുടര്‍ന്നായിരുന്നു നിയമനം നീണ്ടുപോയത്. കെ.വി മോഹനകൃഷ്ണനെ സംസ്ഥാന കമ്മിറ്റി ഏകാഭിപ്രായത്തോടെയാണ് നിയോഗിച്ചത്. തൃശൂരിലെ അറിയപ്പെടുന്ന അഭിഭാഷകനായ ഇദ്ദേഹം ഗുരുവായൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറാണ്. വികസന സമിതിയുടെ ചെയര്‍മാനുമാണ്.