ചാലക്കടി: നഗരസഭയുടെ നോർത്ത് ചാലക്കുടി ബസ് സ്റ്റാൻഡ് തിങ്കളാഴ്ച ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5ന് ഉദ്ഘാടന ചടങ്ങ് നടക്കും. പിറ്റേദിവസം മുതൽ സ്വകാര്യ ബസുകൾ പുതിയ സ്റ്റാൻ‌‌ഡിൽ പ്രവേശിക്കും. പഞ്ചായത്തുകളിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിലെത്തും. വർഷങ്ങളായി നിറുത്തിവച്ചിരിയ്ക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ പൊലീസ് നിരീക്ഷണ കേന്ദ്രവും ഇതോടെ പ്രവർത്തിച്ചു തുടങ്ങും. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. ശ്രീധരൻ, ബിജി സദാനന്ദൻ, കൗൺസിലർമാരായ ഉഷ പരമേശ്വരൻ, വി.സി. ഗണേശൻ, സെക്രട്ടറി എം.എസ്. ആകാശ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

............

ആകെ ചെലവ് മൂന്നു കോടി രൂപ

2005ൽ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് സാൻഡിലെ പ്രധാന ഷെട്ട് നിർമ്മാണത്തിന് എം.എൽ.എ ഫണ്ട് 25ലക്ഷം രൂപ.

2010ലെ യു.ഡി.എഫ് ഭരണസമിതി യാർഡ് നിർമ്മാണത്തിന് ചെലവഴിച്ചത് 50 ലക്ഷം രൂപ.

ഇപ്പോഴത്തെ ഭരണസമിതി ചെയ്തത്- റോഡ് ടൈൽ വിരിയ്ക്കൽ, കവാടം കോൺക്രീറ്റിംഗ്, കവാട നിർമ്മാണം, പുതിയ കാന നിർമ്മാണം, അനുബന്ധ ഷെഡ്ഡുകളുടെ നിർമ്മാണം, രണ്ട് ടോയിലെറ്റുകൾ.

........................

പ്രവർത്തന ക്രമം

കൊരട്ടി, മേലൂർ, കാടുകുറ്റി തുടങ്ങിയ തെക്ക് മേഖലയിലേയ്ക്കുള്ള ബസുകൾ നോർത്ത് സ്റ്റാൻഡിൽ നിന്നും പുറപ്പെടും. ഇരിങ്ങാലക്കുട, മാള, പരിയാരം പ്രദേശങ്ങളിലേയ്ക്കുള്ളവ സൗത്ത് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് നോർത്ത് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റും. എല്ലാ ലോക്കൽ കെ.എസ്.ആർ.ടി.സി ബസുകളും ഇവിടെ കയറും.

..................................

ഭരണസമിതിയുടെ സ്വജന പക്ഷപാതമെന്ന് പ്രതിപക്ഷം

നോർത്ത് ബസ് സ്റ്റാൻഡിൽ സ്വതന്ത്ര കൗൺസിൽ അംഗത്തിന്റെ കച്ചവട സ്ഥാപനം സംബന്ധിച്ച പരസ്യ ബോർഡുകൾ വച്ചതിൽ ഭരണസമിതിയുടെ സ്വജനപക്ഷപാതമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ബസ് സ്റ്റാൻഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകൾ കുത്തി നിറച്ചതിന് പിന്നിൽ വലിയ അഴിമതിയുണ്ട്. കഴിഞ്ഞ കൗൺസിലിൽ നിർമ്മാണം പൂർത്തിയാക്കിയ സ്റ്റാൻഡിലേയ്ക്ക് വാഹനങ്ങൾ കയറാൻ കഴിയില്ലെന്ന് കാരണം പറഞ്ഞ് അന്നത്തെ പ്രതിപക്ഷം പ്രവർത്തനക്ഷമമാക്കാൻ അനുവദിച്ചില്ല. ഇപ്പോഴത്തെ ഭരണ സമിതി അധികാരമേറ്റ് ആറ് മാസത്തിനകം ഉദ്ഘാടനം നടത്തുമെന്നും പറഞ്ഞു. എന്നാൽ അഞ്ചു വർഷം പിന്നിടുന്ന അവസ്ഥയിലാണ് ഇതു സാധ്യമാകുന്നത്. ഇത്രയും കാലം പ്രവർത്തനം വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഭരണകക്ഷിയായ എൽ.ഡി.എഫിനാണ്. ഷിബു വാലപ്പനും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ചാലക്കുടി: നോർത്ത് ചാലക്കുടി ബസ് സ്റ്റാൻഡ് തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കുമ്പോൾ പര്യവസാനിക്കുന്നത് വിവാദങ്ങളുടെ നീണ്ട പരമ്പര. ഇരുമുന്നണികളും മാറിമാറി പരിശ്രമിച്ചിട്ടും കഴിഞ്ഞ മൂന്നു ഭരണ സമിതികളുടെ കാലത്തും നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന ബസ് സ്റ്റാൻഡ് പ്രവർത്തന ക്ഷമമാക്കാനായിരുന്നില്ല. 2005ൽ എം.എൻ ശശിധരൻ ചെയർമാനായിരുന്ന കാലത്താണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ആ ഭരണസമിതിയുടെ അവസാനകാലത്ത് ഉദ്ഘാടനം നടത്താൻ ശ്രമിച്ചെങ്കിലും ആവശ്യത്തിന് സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ പരാതി നൽകിയതോടെ എൽ.ഡി.എഫിന്റെ മോഹം പൂവണിയാതെയായി. ഇതിന്റെ പിന്നിൽ അന്നത്തെ പ്രതിപക്ഷമാണ് പ്രവർത്തിച്ചതെന്ന് ആരോപണം ഉയർന്നു. പിന്നീട് വി.ഒ. പൈലപ്പൻ ചെയർമാനായ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് നിർമ്മാണം തുടരുകയും സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എന്നാൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതിയാണ് ഇതിനെതിരെ ഉയർന്നത്. സ്റ്റാൻഡിലേയ്ക്കുള്ള റോഡിന് വീതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ബസ് യൂണിയനുകളും പരാതിയുമായി എത്തി. ഇപ്പോഴത്തെ ഭരണസമിതി രണ്ടു കോടി രൂപ സ്റ്റാൻഡിനായി ചെലവഴിച്ചാണ് ഇപ്പോൾ ഉദ്ഘാടനം നടത്തുന്നത്. എല്ലാ പ്രതിസന്ധികളേയും മറികടന്ന് പദ്ധതി നടപ്പിലാക്കിയത് ഭരണ സമിതിക്ക് ഒരു പൊൻതൂവലായി.