
മാള: പി.എസ്.സി റാങ്ക് നിലനിൽക്കേ, പഞ്ചായത്തുകളിൽ ഡ്രൈവർമാരായി ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്നതായി ആക്ഷേപം. പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയ 52 താൽക്കാലിക ഡ്രൈവർമാരെയാണ് സ്ഥിരപ്പെടുത്തുന്നത്.
11 ജില്ലകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെയാണിത്. 2018 ഫെബ്രുവരി ആറിന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത വർഷം തീരും. 2015 ലെ സർക്കാർ ഉത്തരവ് പ്രകാരം ഓഫീസ് അസിസ്റ്റന്റ് കം ഡ്രൈവർ തസ്തികയിലാണ് നിയമനം നടത്തേണ്ടത്.
പഞ്ചായത്തുകളിൽ താല്ക്കാലിക ഡ്രൈവർമാരാകുന്നത്
ഭരണ കക്ഷിക്ക് താൽപ്പര്യമുള്ളവരാണ്. വിവിധ പഞ്ചായത്തുകളിൽ മാത്രം 716 താല്ക്കാലിക ഡ്രൈവർമാരുണ്ട്. മറ്റു വകുപ്പുകളിലടക്കം ഈ വിഭാഗം ഡ്രൈവർമാർ 2500 ഓളം പേരുണ്ട്. താൽക്കാലിക ഡ്രൈവറും പി.എസ്.സിക്കാരും തമ്മിലുള്ള ശമ്പള വ്യത്യാസം 1,170 രൂപ മാത്രമാണ്.
പാലക്കാട് (128), വയനാട് (54), കാസർകോട് (25) ജില്ലകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
"റാങ്ക് ലിസ്റ്റിൽ നിന്ന് പകുതിപോലും നിയമനം നടത്തിയിട്ടില്ല. കാലാവധി അവസാനിക്കാറായി. തരാത്ത ജോലിക്ക് വേണ്ടി പരീക്ഷ എഴുതിച്ച് മറ്റു ടെസ്റ്റുകളും നടത്തിയശേഷം വഞ്ചിക്കുകയാണ്. കണ്ണൂർ ജില്ലയിലെ എഴുപത്തിയെട്ടാം റാങ്കുകാരനാണ്. 5000 ഓളം പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് 700 നിയമനം മാത്രമാണ് നടത്തിയത്.
സിജോ
(പി.എസ്.സി വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി)