തൃശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ നടത്തറ ഗ്രാമ പഞ്ചായത്തിൽ മണലിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന ശ്രീധരി പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണോദ്ഘാടനം 20ന് രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അദ്ധ്യക്ഷനാകും.
2016 - 2017 വർഷത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. 10.24 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ചവറാം പാടം കൂട്ടാല പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഒരു പാലം വേണമെന്ന ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്. നിലവിൽ 1.20 മീറ്റർ വീതി മാത്രമുള്ള പാലമാണിത്.
മൂന്ന് സ്വാനുകളിലായി 11 മീറ്റർ വീതിയിലും ഇരുവശങ്ങളിലും അപ്രോച്ച് സ്ലാബ് സഹിതം 38.2 മീറ്റർ നീളത്തിലുമാണ് നിർമ്മിക്കുക. പുതിയ പാലത്തിൽ ഇരുവശത്തേക്കും ഒരേ സമയം വാഹനങ്ങൾ പോകുന്നതിനുള്ള സൗകര്യത്തിന് പുറമെ ഇരു വശങ്ങളിലും ഫുഡ്പാത്തും സജ്ജീകരിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന് ചാലാംപാടം സൈഡിൽ 110മീറ്ററും മുടിക്കോട് സൈഡിൽ 749 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉണ്ട്.
പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം, സ്ഥലമെടുപ്പ്, യൂട്ടിലിറ്റി ഷിഫ്ടിംഗ് എന്നിവയ്ക്കായി 10.24 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് ബ്രിഡ്ജസ് ഡിവിഷൻ ആണ് പാലത്തിന്റെ രൂപ കൽപ്പന നടത്തിയിട്ടുള്ളത്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ നടത്തറ, പാണഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലെ കാർഷിക, കർഷികേതര മേഖലകളിൽ വൻ വികസനം സാദ്ധ്യമാകും.