plus-one

തൃശൂർ: പ്ലസ് വൺ ഏകജാലകം പ്രവേശന സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ നൽകിയ 4,116 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. ഒക്ടോബർ 23 വരെ വിദ്യാർത്ഥികൾക്ക് കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ച് പ്രവേശനം നേടാൻ അവസരമുണ്ട്.

അലോട്ട്‌മെന്റ് സ്ലിപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയന്റ് അവകാശപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ, രേഖപ്പെടുത്തിയിട്ടുള്ള ക്ലബ് സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.

www.hscap.kerala.gov.in എന്ന ലിങ്കിലൂടെ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസൽട്ട് ലോഗിനിലൂടെ അലോട്ട്‌മെന്റ് സ്ലിപ്പ് കൈപ്പറ്റാം. ജില്ലയിൽ ഒഴിവുള്ള 4,127 സീറ്റുകളിലേക്ക് 9,692 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4,116 പേർക്കാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളത്.

22 ഒഴിവുകൾ കൂടി ജില്ലയിലുണ്ട്. സപ്ലിമെന്റ് അപേക്ഷകൾക്ക് ശേഷം മറ്റു ക്വാട്ടയിൽ ചേർന്നവർ, ഓപ്ഷൻ ഇല്ലാതെ അപേക്ഷിച്ചവർ തുടങ്ങി 78 അപേക്ഷകളാണ് നിരസിച്ചത്. സംവരണതത്വം അനുസരിച്ച് ഒഴിവുകൾ ജില്ല ഒരു യൂണിറ്റായി കണക്കാക്കിയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ക്രിട്ടിക്കൽ/കണ്ടെയ്ൻമെന്റ് സോണിലുള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് നേരിട്ട് ഹാജരാകാൻ കഴിയുകയില്ലെങ്കിൽ 22 മുതൽ 23ന് വൈകീട്ട് 4 വരെ കാൻഡിഡേറ്റ് ലോഗിനിലെ 'ഓൺലൈൻ ജോയിനിംഗ്' എന്ന ലിങ്കിലൂടെ പ്രവേശനം നേടാമെന്ന് ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ വി.എം കരീം അറിയിച്ചു. ഇതിനായി പ്രവേശനത്തിന് ഹാജരാക്കുന്ന രേഖകളുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ 100 കെ.ബിയിൽ താഴെ ഫയൽ വലിപ്പമുള്ള പി.ഡി.എഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് അതത് സ്‌കൂളിലേക്ക് ഫോർവേഡ് ചെയ്യണം. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം ജില്ല/ ജില്ലാന്തര സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ എന്നിവ ഒക്ടോബർ 27 ന് പ്രസിദ്ധീകരിക്കും. ഇതുവരെ മെറിറ്റ്/സ്‌പോർട്‌സ് ക്വാട്ടയിൽ ജില്ലയിലോ, മറ്റു ജില്ലകളിലോ പ്രവേശനം നേടിയവർക്ക് ജില്ലയ്ക്കകത്തോ മറ്റു ജില്ലകളിലേക്കോ സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാം. കാൻഡിഡേറ്റഡ് ലോഗിനിലൂടെ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷ. ഇതിനുള്ള നിർദ്ദേശങ്ങളും 27 ന് പ്രസിദ്ധീകരിക്കും.