കാഞ്ഞാണി : റോഡ് സൈഡിലെ ഗർത്തം വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. പാന്തോട് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന അന്തിക്കാട് പഞ്ചായത്ത് റോഡിൻ്റെ അരികിൽ രൂപപ്പെട്ട ഗർത്തം വലിയ അപകടത്തിന് കാരണമായേക്കും. ലിഫ്റ്റ് ഇറിഗേഷൻ്റെ തോടിനോട് ചേർന്നാണ് റോഡ് ഇടിഞ്ഞ് ഗർത്തം രൂപപെട്ടത്.
മണലൂർ, അന്തിക്കാട് പഞ്ചായത്തുകളെ വേർതിരിക്കുന്ന ഈ റോഡിലൂടെ ഏത് നേരവും വാഹനം കടന്ന് പോകുന്നുമുണ്ട്. കണ്ടശ്ശാംകടവ്, മുറ്റിച്ചൂർ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയെ ബന്ധിപ്പിക്കുന്ന റോഡ് എന്നതിനാൽ ഗതാഗത തിരക്കുള്ള റോഡുമാണ്.
മഴ പെയ്തു കൊണ്ടേയിരിക്കുന്നതിനാൽ വെള്ളം കുത്തിയൊലിച്ച് റോഡിൻ്റെ അടിഭാഗത്തുള്ള മണ്ണ് പോലും നഷ്ടപെടുന്നതായി നാട്ടുകാർ പറഞ്ഞു. റോഡ് അന്തിക്കാട് പഞ്ചായത്തിൻ്റെയും തോട് മണലൂർ പഞ്ചായത്തിന്റേതുമാണ്. റോഡിലെ ഗർത്തം അടിയന്തരമായി അടച്ചില്ലെങ്കിൽ റോഡ് ഭാഗികമായി ഇറിഗേഷൻ തോട്ടിലേക്ക് തള്ളിപ്പോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.