gancha

തൃശൂർ : തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ ഉദ്യോഗസ്ഥരെ കാറിടിച്ച് അപായപെടുത്താൻ ശ്രമിച്ച കഞ്ചാവ് വിൽപനക്കാരായ സഹോദരന്മാർ പിടിയിൽ. മാരുതി ആൾട്ടോ കാറിലെത്തിയ ചിറ്റണ്ട സ്വദേശികളായ പനയംപുള്ളി വീട്ടിൽ ശരത്ത് (25 ), പനയംപുള്ളി വീട്ടിൽ ശ്രീജിത്ത് (30 ) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 13 പാക്കറ്റ് കഞ്ചാവും, മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തു. തലപ്പിള്ളി താലൂക്കിലെ ചിറ്റണ്ട സ്കൂളിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.

ഈ പ്രദേശത്ത് വ്യാപക രീതിയിൽ കഞ്ചാവ് വിതരണം നടക്കുന്നതായി അസി. എക്സൈസ് കമ്മിഷണർ വി.എ സലീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ നിർദ്ദേശ പ്രകാരം, എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയായിരുന്നു അപായപ്പെടുത്താനുള്ള ശ്രമം. അമിത വേഗത്തിൽ മുന്നോട്ടും, പിന്നോട്ടും വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ വഴിയിലൂടെ വന്ന വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. നാട്ടുകാരുടെയും സാമൂഹികപ്രവർത്തകരുടെയും സഹായത്തോടെ എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. വലിയതോതിൽ പുറമെ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്ന റാക്കറ്റിലെ അംഗങ്ങളാണ് പിടിയിലായത്.

കഞ്ചാവ് വിൽപനയോടൊപ്പം ക്രമിനൽ സംഘങ്ങളും പ്രദേശത്ത് വളർന്നുവരുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ സ്കൂൾ കുട്ടികളെയും, ചെറുപ്പക്കാരെയും കഞ്ചാവിന്റെ ഉപയോഗ, വിതരണ ശൃംഖലയിലേക്ക് ആകർഷിച്ച് വലിയതോതിൽ കച്ചവടത്തിന് ഉപയോഗിക്കുന്നതായും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

ശൃംഖലയിലെ പ്രധാനികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങിയതായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു. കഞ്ചാവ് മാഫിയ അംഗങ്ങളെ പിടികൂടിയ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജീൻ സൈമൺ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.വി രാജേഷ്, ഡിക്സൻ വി. ഡേവിസ്, എൻ.യു ശിവൻ, എം.എസ് ഷിബു, സിവിൽ എക്സൈസ് ഓഫീസർ ടി.സി അനീഷ് എന്നിവരും ഉണ്ടായിരുന്നു.