പാവറട്ടി: ഒട്ടേറേപ്പേർക്ക് തൊഴിൽ നൽകാനാകുന്ന മുനയ്ക്കക്കടവിലെ കയർ വ്യവസായ സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരം. കെട്ടിടത്തിന് ചുറ്റും കാടുപിടിച്ച അവസ്ഥ. ജീർണിച്ച കെട്ടിടം മഴയിൽ ചോർന്നൊലിക്കുന്നുമുണ്ട്. കയർപിരി മെഷീനുകളും മോട്ടോറുകളും എല്ലാം തുരുമ്പെടുത്ത് നശിച്ചു. കയർ പിരിക്കുന്നതിന് കൊണ്ടുവന്ന ചകിരി നാരുകളെല്ലാം ഉപയോഗശൂന്യമായി.
ആറു വർഷത്തിലഗികമായി ഈ അവസ്ഥയിലാണ് കെട്ടിടം. 60 വർഷത്തോളം പഴക്കമുണ്ട് മുനയ്ക്കകടവിലെ കയർ വ്യവസായ സഹകരണ സംഘത്തിന്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നൽകി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പ്രവർത്തനം പല തവണ തടസപ്പെട്ടിട്ടുണ്ട്. 12 വനിതാ തൊഴിലാളികളാണ് കയർ പിരിക്കുന്നതിനായി ഉണ്ടായിരുന്നത്.
കണ്ടശ്ശാംകടവ്, ചെമ്മാപ്പിള്ളി എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യമായ ചകിരിനാരുകൾ എത്തിച്ചിരുന്നത്. കൊവിഡ് കാലത്ത് തൊഴിലില്ലായ്മ ഒരു പ്രശ്‌നമായി സാധാരണക്കാരെ അലട്ടുമ്പോൾ ഏറെ തൊഴിൽ സാദ്ധ്യതകളുള്ള കയർ വ്യവസായ മേഖല അടഞ്ഞുകിടക്കുകയാണ്. വീണ്ടും തുറന്നു പ്രവർത്തിക്കണമെന്നാണ് കയർപിരി തൊഴിലാളികളുടെ ആവശ്യം.
വർഷങ്ങളായി അടഞ്ഞു കിടക്കുന്ന മുനയ്ക്കക്കടവ് കയർ വ്യവസായ സംഘം തുറന്ന് പ്രവർത്തിക്കണം. കൊവിഡ് കാലത്ത് തൊഴിലില്ലാതെ അവശത അനുഭവിക്കുന്ന സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകും. സ്ത്രീകൾ ഉൾപ്പെടെ പലരും തൊഴിലുറപ്പ് മേഖലയിലേക്ക് പോയെങ്കിലും കയർ നിർമണ മേഖലയോട് താത്പര്യമുള്ള തൊഴിലാളികൾ ഇപ്പോഴുമുണ്ട്. തൊഴിലെടുത്ത പണം കിട്ടാതെ വന്നതോടെയാണ് ചിലർ ഈ മേഖല വിട്ടത്. അതിനാൽ വേതനം ഉറപ്പാക്കണം.
- രവീന്ദ്രൻ കുരുക്കൾ, കയർപിരി തൊഴിലാളി
മുനയ്ക്കകടവ് കയർ വ്യവസായ സഹകരണ സംഘം തുറന്നു പ്രവർത്തിക്കുന്നതിന് തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണം ഉണ്ടായാൽ സാദ്ധ്യമാകും. പുനരുദ്ധാരണം നടത്താനും തൊഴിൽ സാദ്ധ്യതകൾ ഉറപ്പാക്കാനും സർക്കാർ പണം ചെലവഴിക്കാൻ തയ്യാറാണ്. ചാവക്കാട് സർക്കിളിന് കീഴിൽ നിർജീവമായി കിടക്കുന്ന ഏക കയർ സൊസൈറ്റി മുനയ്ക്കകടവിലേതാണ്. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഒരു യോഗം പോലും വിളിക്കാൻ തയ്യാറായിട്ടില്ല. ഒരു തൊഴിലാളിക്ക് 350 രൂപ മിനിമം കൂലി ലഭിക്കുന്ന മേഖല കൂടിയാണിത്.
- സി.ആർ. സോജൻ, തൃശൂർ കയർ സൊസൈറ്റീസ് പ്രോജക്ട് ഓഫീസർ