plant

ചാലക്കുടി: നഗരസഭയുടെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് കത്തിനശിച്ച സംഭവത്തിലെ റിപ്പോർട്ട് തയ്യാറാക്കുന്നിന് കളക്ടർ എസ്. ഷാനവാസ് സ്ഥലത്തെത്തി. തീപിടുത്തത്തിൽ ഗുരുതരമായ പരിസ്ഥിതി മലിനീകരണമുണ്ടെന്ന് ഗ്രീൻ ട്രിബ്യൂണൽ കണ്ടെത്തുകയും നഗരസഭയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് സാർക്കാരാണ് കളക്ടറോട് നിർദ്ദേശിച്ചത്.

വിഷം വമിക്കുന്ന പുകപടലങ്ങൾ പടർത്തിയതിൽ നഗരസഭയോട് പിഴയിടാൻ ട്രിബ്യൂണൽ ഉത്തവിടാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിനോടും നഗരസഭയോടും റിപ്പോർട്ട് ആവശ്യപ്പെട്ടത്. പത്തുമാസം മുമ്പാണ് ക്രിമറ്റോറിയത്തിനടുത്ത പ്രവർത്തിച്ചിരുന്ന സംസ്‌കരണ പ്ലാന്റ് കത്തിനശിച്ചത്. നഗരസഭയുടെ ഖരമാലിന്യ പ്ലാന്റും കളക്ടർ സന്ദർശിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.വി. മാർട്ടിൻ, ഗീത സാബു, ബിജി സദാനന്ദൻ, മുനിസിപൽ സെക്രട്ടറി എം.എസ്. ആകാശ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.