medical

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതി വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തി. രാവിലെ എട്ടരയോടെ മുളംങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ എത്തിയ സംഘം പ്രിൻസിപ്പാൾ, ആർ.എം.ഒ, സൂപ്രണ്ട്, വകുപ്പ് മേധാവികൾ തുടങ്ങിയവരുമായി ഒരു മണിക്കൂറിലേറെ നേരം ചർച്ച നടത്തി. തുടർന്ന് ആശുപത്രിയിലെ കൊവിഡ് കേന്ദ്രങ്ങളിലെ സൗകര്യങ്ങളും മറ്റും നിരീക്ഷിച്ചു. തുടർന്ന് ജില്ലാ കളക്ടേറ്റിലെത്തി കളക്ടർ, ഡി.എം.ഒ എന്നിവരുമായി ചർച്ച നടത്തി. ഉച്ചയ്ക്ക് ശേഷം കണ്ടെയ്‌ൻമെന്റ് സോണുകളിൽ പോകും. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിലയിലുള്ള കൊവിഡ് വ്യാപനങ്ങളുള്ള മൂന്നു ജില്ലകളിൽ ഒന്നായി തൃശൂർ മാറിയ സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തിയത്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013 ആയി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ആകെ 217916 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 488 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 91997 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്.