akkitham

'എന്റെയല്ലെന്റയല്ലീക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ' എന്ന് നിസഹായതയുടെയും നഷ്‌ടബോധത്തിന്റെയും ഈരടികൾ വിനീതനായി കുറിച്ചുവച്ചാണ് മഹാകവി അക്കിത്തം മടങ്ങിയത്. മംഗളോദയത്തിലും ആകാശവാണിയിലുമൊക്കെയായി പതിറ്റാണ്ടുകളോളം തൃശൂരായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. തൃശൂരിന്റെ സാഹിത്യലോകത്തിലെ 'കൊമ്പനാന'കളെ അദ്ദേഹം നെഞ്ചോടു ചേർത്തുവെച്ചിരുന്നു. അവരെ കുറിച്ച് എഴുതിയിരുന്നെങ്കിൽ 'എന്റെയാണെന്റെയാണീ കൊമ്പനാനകൾ' എന്ന് അദ്ദേഹം എഴുതുമായിരിക്കും. കാരണം ആ ബന്ധങ്ങളുടെ ആത്മാവുകളിലാണ് ഉദിച്ചുയർന്നത്, കവിതയുടെ ആയിരം സൗരമണ്ഡലം. ചങ്ങമ്പുഴ മരിക്കുന്നതിന് തൊട്ടുമുൻപ് മംഗളോദയത്തിൽ അദ്ദേഹത്തിന്റെ നിഴൽ പോലെ അക്കിത്തമുണ്ടായിരുന്നു. ആ അകാലവിയോഗം അക്കിത്തത്തിന് താങ്ങാനായില്ല. ചങ്ങമ്പുഴ തൃശൂരിൽ എത്തുമ്പോഴെല്ലാം മംഗളോദയത്തിൽ വരുമായിരുന്നു. അങ്ങനെ ഒരിക്കൽ വന്നപ്പോഴാണ് പെട്ടെന്ന് അസുഖം കൂടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല. സഞ്ജയനും കുട്ടിക്കൃഷ്ണമാരാരും ചങ്ങമ്പുഴയെ വിമർശിച്ചതു കണ്ടപ്പോൾ ഏറെ വേദനിച്ചത് അക്കിത്തമായിരുന്നു. പക്ഷേ, ആ വിമർശനം കൊണ്ട് ധന്യനായെന്ന് പറഞ്ഞാണ് ചങ്ങമ്പുഴ, അക്കിത്തത്തെ ആശ്വസിപ്പിച്ചത്. വേദപഠനത്തിനു ശേഷം ഇംഗ്ലീഷും കണക്കും തമിഴും പഠിച്ച് കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും അസുഖം മൂലം അക്കിത്തത്തിന് പഠനം തുടരാനായിരുന്നില്ല. അങ്ങനെയാണ് തൃശൂർ മംഗളോദയം പ്രസിൽ ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമാകുന്നത്. ആകാശവാണിയിലായിരുന്നപ്പോൾ അവിടുത്തെ പത്താംനമ്പർ മുറി മറ്റൊരു സാഹിത്യലോകമായിരുന്നു. ജി.ശങ്കരക്കുറുപ്പ്, മുണ്ടശ്ശേരി, വൈലോപ്പിളളി, സി.അച്യുതമേനോൻ, എം.ആർ.ബി, പ്രേംജി, എം.ലീലാവതി, സി.ആർ.കേശവൻ വൈദ്യർ തുടങ്ങിയ മഹാപ്രതിഭകളെല്ലാം ആകാശവാണിയിലെത്തി അക്കിത്തത്തിന്റെ ആതിഥേയത്വം അനുഭവിച്ചു. 1975 മുതൽ 1985 ൽ വിരമിക്കുന്നതു വരെ ആ സാഹിത്യ സൗഹൃദസംഘം നിറഞ്ഞുനിന്നു. സർക്കാർ ഉദ്യോഗം ഒരു കലാസപര്യയാക്കി അദ്ദേഹം മാറ്റിയത് സാഹിത്യത്തിലെ വൻമരങ്ങൾക്കാെപ്പം നിലകൊണ്ടായിരുന്നു. ഗസറ്റഡ് ഓഫീസറുടെ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമ്പോഴും അതെല്ലാം മാറ്റിവെച്ച് സാധാരണക്കാരനായ, കാവ്യോപാസകനായിരുന്നു അക്കിത്തം. അക്കാലത്ത് ബ്രഹ്മസ്വം മഠത്തിലായിരുന്നു താമസം. വേദങ്ങളുടെ ഉൾക്കാമ്പ് കാട്ടുന്ന കവിതകൾ മുളപൊട്ടാൻ അതും കാരണമായിട്ടുണ്ടാകും. വടക്കുമ്പാട് നാരായണൻ എഴുതിയ ‘അക്കിത്തം ഹൃദയത്തിൽ കണ്ണുളള കവി‘ അക്കിത്തത്തിന്റെ ജീവചരിത്രത്തിൽ ഈ സന്ദർഭങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ 'വെളിച്ചം ദു:ഖമാണുണ്ണീ' എന്ന വരികളിലൂടെയാണ് ആധുനികതയുടെ തീപ്പൊരി കവിതകളിൽ കൊളുത്തിയത്. സുഖവും ദു:ഖവും തമ്മിലുളള അന്തരം ഇത്രമാത്രമേയുളളൂവെന്ന തത്വചിന്ത കുറിച്ചിട്ടു തന്നത് ആ വെളിച്ചത്തിലൂടെയായിരുന്നു. സാത്വികഭാവത്തിന്റെ നിത്യനിർമ്മലപൗർണമിയെ കവിതയിൽ ഉൾക്കൊള്ളുമ്പോഴും പാരമ്പര്യത്തെയും യാഥാസ്ഥിതിക ചിന്തകളെയും പൊളിച്ചെഴുതുന്ന വിപ്ളവസ്‌ഫുരണങ്ങളും ആ കാവ്യങ്ങളിൽ തെളിഞ്ഞുകത്തി, ഒരു തീപ്പന്തം പോലെ...

നിയോഗം പോലെ

മഹാകവിയുടെ അന്ത്യവേളകൾ, കാവ്യലോകത്തും സാമുദായിക നവോത്ഥാനത്തിലും ഔദ്യോഗികജീവിതത്തിലും പതിറ്റാണ്ടുകളോളം സജീവമായിരുന്ന സാംസ്‌കാരിക തലസ്ഥാനത്ത് തന്നെയായത് നിയോഗമായിരിക്കാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആഗ്രഹസാഫല്യമായിരിക്കാം. മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും ഈരടികളും വേദപ്പൊരുളുകളുടെ സത്തകളും ബാക്കിയാക്കിയായിരുന്നു അക്കിത്തം വിടചൊല്ലിയത്.

സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. അങ്ങനെയാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളുടെയും തട്ടകമായി തൃശൂർ മാറുന്നത്. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായത്തിലെ അരുതായ്മകൾ ചോദ്യം ചെയ്ത അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി.

1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ തിരക്കഥാ എഴുത്ത് ചുമതലയായി. 1975ൽ തൃശൂർ നിലയത്തിൽ എഡിറ്ററായി. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. അപ്പോഴും തൃശൂരിനോടുള്ള കമ്പവും അനുകമ്പയും തുടർന്നുപോന്നു. വേദമുഖരിതമായ ബ്രഹ്മസ്വം മഠവും ക്ഷേത്രങ്ങളും ഉത്സവാന്തരീക്ഷവും സാഹിത്യ അക്കാഡമിയും സാഹിത്യപ്രതിഭകളുടെ സംഗമവുമെല്ലാം അദ്ദേഹത്തിന് തൃശൂരിനോടുള്ള ഇഷ്ടത്തിന് കാരണമായി.

മകൾ ഇന്ദിരയുടെ വീടും അയ്യന്തോൾ തേഞ്ചിത്തുകാവ് ക്ഷേത്രത്തിന് അടുത്തായിരുന്നു. അതുകൊണ്ടു തന്നെ തൃശൂരിലെ നിത്യസന്ദർശകനായി. എഴുത്തച്ഛൻ പുരസ്കാരം അദ്ദേഹം സ്വീകരിച്ചതും അയ്യന്തോളിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു. പുരോഗമന ചിന്താഗതിയുടെ സ്‌ഫുരണമുള്ള നമ്പൂതിരി യുവാക്കളുടെ കൂട്ടത്തിലൊരാളായാണ് സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെ അക്കിത്തം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. വി.ടി ഭട്ടതിരിപ്പാടായിരുന്നു വഴിവിളക്ക്.

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള വി.ടിയുടെ ആഹ്വാനം എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും അദ്ദേഹം സാക്ഷാത്കരിച്ചു. പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം നടന്നു. പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളെയും നേതാക്കളെയും ചേർത്തുപിടിച്ചു. സംസ്‌കൃതവും വേദവും മലയാളവും ഇംഗ്ലീഷുമെല്ലാം പഠിച്ചു. ഇടശേരിയോടൊപ്പം പൊന്നാനി കേന്ദ്രീകരിച്ചും അദ്ദേഹത്തിന്റെ സാഹിത്യ-സാംസ്കാരിക-സാമുദായിക പ്രവർത്തനം തുടർന്നു. എം. ഗോവിന്ദന്റെ മാനവിക ദർശനങ്ങളും ആശയങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. സ്നേഹവും സമത്വവുമില്ലാത്ത, ഹിംസാത്മക വിപ്ളവങ്ങളെയും സമരങ്ങളെയും അദ്ദേഹം വിമർശിച്ചപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പമല്ലെന്ന് വിധിയെഴുതിയവരുണ്ട്.

തന്റെ എഴുത്ത് സ്നേഹമില്ലായ്മക്കെതിരെയാണെന്ന് അദ്ദേഹം അവരോട് തുറന്നു പറഞ്ഞു. ഒരു സംഘടനയുടെയും ഭാഗമല്ലെന്ന് അക്കിത്തം ഒടുവിൽ അസന്നിഗ്ദ്ധമായി പറഞ്ഞു. അങ്ങനെയാണ് രാഷ്ട്രീയത്തിന്റെ പേരിലുളള വിമർശനം നടത്തിയ പലരുടെയും വായടഞ്ഞത്.

കവിതയുടെ ഭിന്നമുഖങ്ങൾ

ഭാരതീയ വേദേതിഹാസങ്ങളുടെ ഹൃദയത്തിലേക്കെന്നപോലെ ആധുനികതയിലേക്കും പടരുന്ന കവിതകളായിരുന്നു അക്കിത്തത്തിന്റേത്. അതിന് വഴിവെച്ചത് വ്യത്യസ്തങ്ങളായ സൗഹൃദങ്ങളും ജീവിതാനുഭവങ്ങളുമായിരുന്നു. കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവർത്തനം, ബാലസാഹിത്യം തുടങ്ങിയ ശാഖകളിലായി 55 ലേറെ കൃതികൾ രചിച്ചതും ആ ഭിന്നമുഖത്തിന്റെ വിരലടയാളങ്ങളാണ്.

കണ്ണീർക്കണങ്ങളാണ് ഈ കാവ്യസഞ്ചാരം അവശേഷിപ്പിക്കുന്നത്. കണ്ണീരും ചിരിയും സത്യമാണെന്നും സ്‌നേഹത്തിന് പകരമായി മറ്റൊന്നും ഇല്ലെന്നും കുറിച്ചിട്ട്, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ലോകത്തിന് സമർപ്പിച്ച്, മണ്ണോടു ചേർന്നു മലയാളത്തിന്റെ മഹാ ഋഷികവി.