
തൃശൂർ: ടയർ പഞ്ചറൊട്ടിച്ച് കൃത്യസമയത്ത് നൽകാത്തതിനെ തുടർന്ന് സ്ഥാപന ഉടമയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻകുളങ്ങര സ്വദേശി വേലംപറമ്പിൽ ഷഫീക് (28), വലിയാലുക്കൽ മേനോത്ത്പറമ്പിൽ സാജുൽ (26), ചിയ്യാരം ആക്കാട് ഡിറ്റ് ബാബു (26) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കൂർക്കഞ്ചേരി കിണർ സ്റ്റോപ്പിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനെയാണ് കൊല്ലാൻ ശ്രമിച്ചത്. കാലിന് വെടിയേറ്റ മണികണ്ഠൻ ആശുപത്രിയിലാണ്. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാലു ദിവസം മുമ്പാണ് ടയർ പഞ്ചറൊട്ടിക്കാൻ നൽകിയത്. തുടർന്ന് ഞായറാഴ്ച രാത്രി കടയിലെത്തിയ സംഘം മണികണ്ഠനെ മർദ്ദിക്കുകയായിരുന്നു. അതിനിടയിലാണ് ഒന്നാം പ്രതി ഷഫീക് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചത്. ഒഴിഞ്ഞു മാറിയതിനാൽ മണികണ്ഠന് കാലിലാണ് വെടിയേറ്റത്. സ്ഥാപനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടത്.
ഈസ്റ്റ് സി.ഐ ലാൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി. പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. തോക്ക് പൊന്തക്കാട്ടിൽ നിന്ന് കണ്ടെടുത്തു. എയർഗൺ വിൽക്കാൻ ലൈസൻസുള്ള കടകളിൽ നിന്ന് ആധാറിന്റെ കോപ്പി ഹാജരാക്കിയാണ് തോക്ക് വാങ്ങിയതെന്നും പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്നും എസ്.ഐ സി.വി. ബിബിൻ പറഞ്ഞു. ഓപ്പറേഷൻ റേഞ്ചറുമായി പൊലീസും ഓപ്പറേഷൻ ബ്രിഗേഡുമായി എക്‌സൈസും ഗുണ്ടാ ക്രിമിനൽ സംഘങ്ങളെ പിടികൂടാൻ വല വിരിച്ചപ്പോഴാണ് കൂർക്കഞ്ചേരിയിലെ അക്രമം.